തൊടുപുഴ: ഗോവ ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ, സിവില്‍ പോലീസ് ഓഫീസര്‍ അടിച്ചുവീഴ്ത്തി. സംഭവത്തില്‍ സേനാംഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം. എന്നാല്‍, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ നടപടികളൊന്നും സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ്സ്റ്റാന്‍ഡിലാണ് സംഭവം. ഗവര്‍ണര്‍ കടന്നുപോകുന്നതിന്റെ ഭാഗമായുള്ള സുരക്ഷാഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈസമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ഇവരെ മര്‍ദിച്ചത്. പിന്നീട് സിവില്‍ പോലീസ് ഓഫീസര്‍ സ്ഥലത്തുനിന്ന് പോയി.
മറ്റ് സഹപ്രവര്‍ത്തകര്‍ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
45 Less than a minute