KERALANEWS

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണപൊതിയിൽ പാറ്റകള്‍; പരാതിയുമായി യാത്രക്കാര്‍

 

തിരുവനന്തപുരത്തുനിന്നും കാസര്‍കോടേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണപൊതിയിൽ പാറ്റകള്‍. സംഭവത്തില്‍ പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം.

 

ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് കുടുംബ സമേതം പോകുകയായിരുന്ന കുടുംബമാണ് ഇതുസംബന്ധിച്ച് ട്രെയിനില്‍ വെച്ച് തന്നെ പരാതിയുമായി രംഗത്തെത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായി.

 

ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ പുറത്തേക്ക് വരുകയായിരുന്നുവെന്നും പാറ്റകള്‍ ഓടികളിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും യാത്രക്കാരൻ പറഞ്ഞു. തുടര്‍ന്ന് പരാതി അറിയിച്ചപ്പോള്‍ കാറ്ററിങ് ചുമതലയുണ്ടായിരുന്ന ആളെത്തി കാര്യം വിശദീകരിക്കുകയായിരുന്നു.

 

ട്രെയിനിനുള്ളിലുള്ള പാറ്റകള്‍ സ്റ്റോറേജ് യൂണിറ്റില്‍ കടന്നുകൂടി ഭക്ഷണ പാക്കറ്റുകളില്‍ കയറിയതാണെന്നും ഭക്ഷണം പാക്ക് ചെയ്യുമ്പോഴുള്ള വീഴ്ചയല്ലെന്നുമാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം. ട്രെയിനിലായാലും ഭക്ഷണത്തില്‍ പാറ്റകള്‍ കയറുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും തങ്ങള്‍ ഭക്ഷണം പാക്ക് ചെയ്തപ്പോഴല്ല പാറ്റകള്‍ കയറിയതെന്ന ന്യായീകരണം കൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് റെയില്‍വെ അധികൃതര്‍ വിശദീകരിച്ചു.

 

ആഴ്ചയിൽ ഒരിക്കലാണ് വന്ദേഭാരത് ട്രെയിനിൽ പെസ്റ്റ് കൺട്രോൾ സർവീസ് നടത്തുന്നത്. ഒരു ദിവസത്തിന് ശേഷമേ റാക്കുകൾ വീണ്ടും ഉപയോഗിക്കാനാകു എന്നതു കൊണ്ടാണിങ്ങനെ ക്രമീകരിക്കുന്നത്. ഭക്ഷണപ്പൊതികൾ സൂക്ഷ്മമായി കൃത്മായാണ് പാക്ക് ചെയ്യുന്നതെന്നും റെയിൽവെ വിശദീകരിക്കുന്നു. കാരണം എന്തായാലും വന്ദേഭാരത് പോലൊരു ഏറെ കൊട്ടിഘോഷിക്കപ്പെട്ട ട്രെയിനിൽ ഇങ്ങനെയൊരു വീഴ്ച പാടുണ്ടോ എന്നാണ് യാത്രക്കാരുടെ മറുചോദ്യം. എന്തായായും റെയിൽവെ പൊലീസെത്തി യാത്രക്കാരുടെ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button