BREAKINGKERALA

‘വയനാടിന്റെ പുനര്‍നിര്‍മ്മിതിക്ക് ഉദാരമായി സംഭാവന നല്‍കണം’; പ്രവാസികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസികള്‍. വയനാടിന്റെ പുനര്‍ നിര്‍മ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.
അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 85 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരുണ്ട്. ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികള്‍ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

Related Articles

Back to top button