BREAKINGKERALA

വയനാടിന് റെഡ് അലര്‍ട്ട് വന്നത് ദുരന്തം കഴിഞ്ഞശേഷം; കേന്ദ്രം സ്ഥാപിച്ച ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പും പച്ച

തിരുവനന്തപുരം: വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശവും അതു തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും ചര്‍ച്ചയാവുകയാണ്. യാഥാര്‍ഥത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഈ ദിവസങ്ങളിലൊന്നുംതന്നെ ജില്ലയ്ക്ക് ചുവപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ വയനാട് സ്ഥാപിച്ചിട്ടുള്ള ലാന്‍ഡ്സ്ലൈഡ് വാണിങ് സംവിധാനത്തിലും ഈ ദിവസങ്ങളിലൊന്നും ചുവപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് അമിത്ഷാ പറയുന്ന 23-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രമാണ് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരുന്നത്. 25-ന് ഈ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നു. ആ ദിവസം വയനാട് ജില്ലയ്ക്ക് മഞ്ഞ മുന്നറിയിപ്പായിരുന്നു. 29-ന് ഉച്ചയ്ക്ക് നല്‍കിയതും മഞ്ഞ മുന്നറിയിപ്പാണ്. ദുരന്തം കഴിഞ്ഞശേഷം രാവിലെമാത്രമാണ് വയനാടിന് റെഡ് അലര്‍ട്ടും അതിതീവ്രമഴ മുന്നറിയിപ്പും ഉണ്ടായത്.
നേരിയതോതിലുണ്ടാവുന്ന മഴയ്ക്ക് പച്ച മുന്നറിയിപ്പാണ് നല്‍കുന്നത്. 15.6 മില്ലീ മീറ്റര്‍ മുതല്‍ 64.4 മില്ലീമീറ്റര്‍വരെയുണ്ടാകുന്ന മഴ ഈ വിഭാഗത്തിലാണ് വരുന്നത്. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളപ്പോഴാണ് മഞ്ഞ മുന്നറിയിപ്പ് നല്‍കുന്നത്. 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെയുള്ളപ്പോഴാണ് ഈ മുന്നറിയിപ്പ്. 115.6 മില്ലീമീറ്റര്‍മുതല്‍ 204.4 മില്ലീമീറ്റര്‍വരെയുള്ള ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. ജാഗ്രത പാലിക്കാനുള്ളതാണ് ഈ മുന്നറിയിപ്പ്.
204.4 മില്ലീ മീറ്ററിനുമുകളില്‍ അതിശക്തമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് ചുവപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ മുന്നറിയിപ്പുള്ളപ്പോള്‍ ജനങ്ങളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്.
കേന്ദ്രം വയനാട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനത്തില്‍നിന്ന് 29-ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തുവന്ന അറിയിപ്പിലും ജില്ലയ്ക്ക് പൂര്‍ണമായും പച്ച മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിന് തീരെ സാധ്യതയില്ലെന്നാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍, ചെറിയതോതിലുളള ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ തള്ളിക്കളയുന്നുമില്ല. ജൂലായ് 30-നും റെയിന്‍ഫാള്‍ ഇന്‍ഡ്യൂസ്ഡ് ലാന്‍ഡ്സ്ലൈഡ് ഫോര്‍കാസ്റ്റ് ബുള്ളറ്റിനില്‍ പച്ചമുന്നറിയിപ്പാണുള്ളത്.

Related Articles

Back to top button