കോഴിക്കോട്: ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയും ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമണിക്കു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ടു ബൂത്തുകള്‍ ചൂരല്‍മലയിലും 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തി. ദുരന്തമേഖലയില്‍നിന്ന് വിവിധ താത്കാലിക പുനരധിവാസമേഖലയില്‍ താമസിക്കുന്നവര്‍ക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക സൗജന്യ വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റില്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് മുന്നണി സ്ഥാനാര്‍ഥികള്‍. ഒന്ന് യു.ആര്‍. പ്രദീപ് (ചുറ്റിക അരിവാള്‍ നക്ഷത്രം), രണ്ട് കെ. ബാലകൃഷ്ണന്‍ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാര്‍ഥികളുടെ ചിഹ്നം. തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥികളാണ്. നാല്- ലിന്‍ഡേഷ് കെ.ബി.(മോതിരം), അഞ്ച്-സുധീര്‍ എന്‍. കെ. (ഓട്ടോറിക്ഷ), ആറ്-ഹരിദാസന്‍ (കുടം).
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോപതിച്ച പോസ്റ്റ് ഓഫീസ്, ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍വകുപ്പ് നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, എന്‍.പി.ആര്‍. സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എല്‍.എ. അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/ പി.എസ്.യു., പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫോട്ടോപതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
38 1 minute read