തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചതാണെന്നും എന്നാല്‍ ഓണാഘോഷം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈക്കോ ഓണം ഫെയര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. എല്ലാ വര്‍ഷവും ഓണക്കാലത്ത് സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്താറുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഇന്ത്യയില്‍ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തില്‍ എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ ഇനി പുനര്‍നിര്‍മ്മാണമാണ് വേണ്ടത്. അതിന് നാടിന്റെയാകെ പിന്തുണ ഉയരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വന്‍തോതില്‍ വരുന്നുണ്ട്. മറുഭാഗത്ത് ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വിപണി ഇടപെടല്‍ കാര്യക്ഷമമായി നടത്തുന്നു. പണപ്പെരുപ്പം അഞ്ച് ശതമാനം വര്‍ധിച്ചു. അതോടെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില കൂടി. പച്ചകറികള്‍ക്ക് 30 ശതമാനം വില കൂടി. ദേശീയ തലത്തില്‍ ഫലപ്രദമായ വിപണി ഇടപെടല്‍ വേണ്ട സമയമാണ്. എന്നാല്‍ അതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ധന, പാചകവാതക വില വര്‍ധന തടയാന്‍ നടപടി ഒന്നും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിലകയ്യറ്റം തടയാന്‍ കാര്‍ഷിക മേഖലയില്‍ ഇടപെടല്‍ വേണം. പക്ഷേ കാര്‍ഷിക സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പൊതുവിതരണ രംഗം വേണ്ടെന്ന് വയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദേശീയ തലത്തില്‍ വിലക്കയറ്റം ഗൗരവമായി കാണാത്ത സാഹചര്യത്തിലാണ് കേരളം ബദല്‍ മാര്‍ഗം മുന്നോട്ട് വയ്ക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിപണി ഇടപെടല്‍ ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതില്‍ ഒരു സംശയവുമില്ല. സപ്ലൈക്കോ പ്രവര്‍ത്തനത്തിലൂടെ ജനം സര്‍ക്കാരിനേയും വിലയിരുത്തും. ഈ ബോധത്തോടെ എല്ലാവരും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
60 1 minute read