തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയില്‍നിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നാശനഷ്ടക്കണക്ക് തയ്യാറാക്കല്‍, കൗണ്‍സിലര്‍മാരുടെയും മാലിന്യശേഖരണ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും വകുപ്പ് ഏറ്റെടുക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ തദ്ദേശവകുപ്പിന്റെ ഉന്നതതലയോഗം തിങ്കളാഴ്ച രാവിലെ കല്പറ്റയില്‍ചേരും.
മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഇവിടെ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താംവാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാംവാര്‍ഡായ മുണ്ടെക്കെയില്‍ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.
തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനില്‍ കിട്ടുന്നതിനാല്‍ ഇവ ലഭ്യമാക്കാന്‍ മറ്റ് തടസ്സങ്ങളില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ പുനരധിവാസം, നിലവിലുള്ള വീടുകളുടെയും കിണര്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളുടെയും ശുചീകരണം തുടങ്ങിയവയ്ക്കും വകുപ്പ് മുന്നിട്ടിറങ്ങും. കുടുംബശ്രീയുടെ സഹായവുമുണ്ടാകും.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആരുടേതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയപരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിളുകള്‍ ശേഖരിച്ചുതുടങ്ങി.
രക്തപരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കിയശേഷമാണ് സാംപിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്തബന്ധുമുള്ളവരുടെ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിക്കുന്നത്.
ജില്ലാ ആശുപത്രിയിലെ ബ്ലഡ്ബാങ്ക് മെഡിക്കല്‍ഓഫീസര്‍ ഡോ. ബിനുജ മെറിന്‍ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്തുഹാളിലുമാണ് രക്തസാംപിളുകള്‍ ശേഖരിക്കുന്നത്. അടുത്തദിവസംമുതല്‍ മേപ്പാടി എം.എസ്.എ. ഹാളിലും രക്തസാംപിള്‍ ശേഖരിക്കും.
ദുരന്തമേഖലയില്‍ യു.എല്‍.സി.സി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ ജി.ഐ.എസ്. മാപ്പിങ്ങില്‍ തകര്‍ന്ന 25 കെട്ടിടങ്ങള്‍ കണ്ടെത്തി. വീടുകളും മറ്റുകെട്ടിടങ്ങളും ഉള്‍പ്പെടെയാണിത്. ഊരാളുങ്കല്‍ സൈബര്‍പാര്‍ക്കിലെ ഊരാളുങ്കല്‍ ടെക്നോളജിക്കല്‍ സൊലൂഷന്‍സിലെ അനന്തുവിന്റെ നേതൃത്വത്തിലാണ് മാപ്പിങ്.
പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍, പുഴയുടെ സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനാണ് മാപ്പിങ്. നേരത്തേയുള്ള സാറ്റലൈറ്റ് മാപ്പും അതിനുശേഷമുള്ള ഡ്രോണ്‍ പരിശോധനയിലെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പരിശോധന. ഇവ തമ്മില്‍ താരതമ്യംചെയ്തുള്ള മാപ്പ് കിട്ടിയശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് മാപ്പിങ് തുടങ്ങിയത്.
49 1 minute read