KERALABREAKING
Trending

വയനാട് ദുരന്തം: കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രനിബന്ധന, ശരിക്കുള്ള ചെലവ് ഇതിലുംകൂടുതല്‍- ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമര്‍പ്പിച്ചിട്ടുള്ളതെന്നും ഈ നിബന്ധനകള്‍ പ്രകാരം എല്ലാ ചെലവുകളും അതില്‍ പെടുത്താനാവില്ലെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ശരിക്കുള്ള ചെലവുകള്‍ ഈ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതലാണെന്നും അതിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു.
ഓഗസ്റ്റ് രണ്ടാംവാരം പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച കണക്കാണിത്. അതുതന്നെയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ നല്‍കിയതും. വീടു നഷ്ടപ്പെട്ടവരുടെ ഇടക്കാലതാമസത്തിനായി നല്‍കുന്ന വാടക പോലുള്ള നിരവധി ചെലവുകള്‍ കേന്ദ്ര നിബന്ധനകളനുസരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയില്ല.
വീടുകളുടെ നാശനഷ്ടത്തിനും മറ്റും കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനെക്കാള്‍ കുറവാണ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് അനുവദനീയമായ കാര്യങ്ങളില്‍ പണച്ചെലവ് കൂട്ടിക്കാണിച്ചത്. മോഡല്‍ ടൗണ്‍ഷിപ്പ്, പുനരധിവാസം പൂര്‍ത്തിയാവും വരെ ഇടക്കാല താമസമടക്കമുള്ള കാര്യങ്ങള്‍, നഷ്ടപരാഹാരം നല്‍കല്‍ എന്നിങ്ങനെ വന്‍ചെലവുള്ള ഏറെക്കാര്യങ്ങള്‍ മുന്നിലുണ്ട്. ഈ കണക്കുകള്‍ ഒരു പ്രൊജക്ഷന്‍ മാത്രമാണ്, ദുരന്തത്തിന്റെ പ്രാരംഭഘട്ടത്തില്‍ തയ്യാറാക്കിയത്. സാധാരണ പ്രകൃതിദുരന്ത കാലങ്ങളിലൊക്കെ സ്വീകരിച്ചു വരുന്ന മാതൃകയാണിതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കേന്ദ്രസംഘം ഇവിടെ വന്ന് സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വൈകാതെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button