കൊച്ചി: വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കുന്നതില്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. മൂന്നാഴ്ചക്കകം മറുപടി നല്‍കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശിച്ചത്. സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നയാപൈസ സംസ്ഥാനത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്ന് അമിക്കസ് ക്യൂറിയും അറിയിച്ചിരുന്നു. ഇതോടെയാണ് കേരളത്തിന് സഹായം നല്‍കുന്നതില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
അതേസമയം ചെലവഴിച്ച തുകയെന്ന പേരില്‍ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നാണ് ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശിച്ചത്.
അതിനിടെ വയനാട് ദുരന്തത്തില്‍ ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുകയാണെന്ന് സി പി എം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് അറിയിച്ചത്. കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദന്‍ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തില്‍ വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ നേതാക്കളും കടുത്ത വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കേന്ദ്ര നയത്തില്‍ തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രസംഗമെന്നതും ശ്രദ്ധേയമായി.
43 1 minute read