BREAKINGKERALA
Trending

വയനാട് ഹര്‍ത്താലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; ‘എന്നിട്ട് എന്തു നേടി’

കൊച്ചി: വയനാട്ടില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്ച നടത്തിയ ഹര്‍ത്താലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥയാണെന്ന് കോടതി പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
വയനാട് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമര്‍ശിച്ചത്. ഹര്‍ത്താല്‍ കൊണ്ട് എന്തു നേടിയെന്നും കോടതി ചോദിച്ചു.
ടൂറിസം ഡെസ്റ്റിനേഷനെന്ന നിലയില്‍ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നത്. എന്നാല്‍, ഇവിടെ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനുപോലും അറിയില്ല. ഭരണകക്ഷി ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്? മിന്നല്‍ ഹര്‍ത്താല്‍ നടത്തില്ലെന്ന പ്രതിപക്ഷകക്ഷിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇനിയും ഹര്‍ത്താല്‍ നടത്തരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷത്തെയും അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button