BREAKINGINTERNATIONAL

വയസ് കുറയ്ക്കാനുള്ള ഒരു ശ്രമം പാളിപ്പോയി; നീരുവന്ന് വീര്‍ത്ത മുഖത്തിന്റെ ചിത്രവുമായി ശതകോടീശ്വരന്‍

നാല്‍പ്പത്തിയേഴാം വയസ്സില്‍ യുവത്വം നിലനിര്‍ത്താന്‍ കോടികള്‍ ചെലവിടുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സന്റെ കഥ കേള്‍ക്കാത്തവരുണ്ടാവില്ല. വര്‍ഷം 16 കോടി രൂപയാണ് ‘മരണത്തെ പറ്റിക്കുന്നവന്‍’ എന്നറിയിപ്പെടുന്ന ബ്രയാന്‍ തന്റെ പരീക്ഷണത്തിനായി ചെലവിടുന്നത്. കടുത്ത ഭക്ഷണ ക്രമത്തിലൂടേയും ജീവിതചര്യയിലൂടേയും തനിക്ക് അഞ്ചുവയസ്സോളം കുറഞ്ഞെന്ന് കഴിഞ്ഞ വര്‍ഷം ബ്രായന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലടക്കം വലിയ ആരാധകരും ബ്രയാനുണ്ട്.
എന്നാല്‍ അവസാനം നടത്തിയ ഒരു പരീക്ഷണം പരാജയപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രയാന്‍. മറ്റൊരാളുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് കുത്തിവെയ്ക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് മുഖം വീര്‍ക്കുകയും ചുവപ്പ് നിറമാവുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ ബ്രയാന്‍ ജോണ്‍സണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
‘ശരീരത്തില്‍നിന്ന് ഒരുപാട് കൊഴുപ്പ് നഷ്ടപ്പെട്ട് ഞാന്‍ വല്ലാതെ മെലിഞ്ഞു. പ്രത്യേകിച്ച് മുഖത്തെ കൊഴുപ്പാണ് നഷ്ടപ്പെട്ടത്. ഞാന്‍ മരണത്തന്റെ വക്കിലാണെന്നുവരെ ആളുകള്‍ കരുതി’-ബ്രയാന്‍ ജോണ്‍സണ്‍ പറയുന്നു. തുടര്‍ന്നാണ് ‘പ്രൊജക്റ്റ് ബേബി ഫെയ്സ്’ എന്ന പേരിലുള്ള പരീക്ഷണത്തിന് ബ്രയാന്‍ മുതിര്‍ന്നത്.
ഇഞ്ചക്ഷന്‍ എടുത്ത് 30 മിനിറ്റിനുശേഷം തന്നെ തന്റെ മുഖം വീര്‍ത്തുവന്നെന്നും കണ്ണുകള്‍ ചുരുങ്ങിപ്പോയെന്നും ബ്രയാന്‍ പറയുന്നു. അതിഗുരുതരമായ അലര്‍ജിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് ദിവസത്തിനുശേഷം മുഖം പഴയ അവസ്ഥയിലെത്തിയെന്നും ഇപ്പോള്‍ പുതിയ പരീക്ഷണത്തിനായുള്ള പദ്ധതികളുമായി തന്റെ ടീം മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവത്വം നിലനിര്‍ത്താന്‍ താന്‍ പിന്തുടരുന്ന ഡയറ്റിനെ കുറിച്ചുള്ള വിവരവും ബ്രയാന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പകല്‍സമയം പതിനൊന്ന് മണിക്കാണ് ബ്രയാന്‍ അത്താഴം കഴിക്കുന്നത്. പലരും പ്രാതല്‍ കഴിക്കുന്ന ഈ സമയത്താണ് ബ്രയാന്‍ തന്റെ ആ ദിവസത്തെ അവസാനത്തെ ഭക്ഷണം കഴിക്കുന്നത്. ട്വിറ്ററില്‍ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടിയായാണ് ബ്രയാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
കൗമാരക്കാരനായ മകനില്‍ നിന്ന് രക്തം കൈമാറ്റം ചെയ്ത ബ്രയാന്‍ നൂറിലധികം സപ്ലിമെന്റുകളാണ് ദിവസവും എടുക്കുന്നത്. മാത്രമല്ല ദിവസവും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ബ്രയാന്റെ യൗവനത്തിലേക്കുള്ള ഈ പ്രക്രിയയില്‍ പിന്തുണയ്ക്കാനായി മാത്രം മുപ്പതോളം ഡോക്ടര്‍മാരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
ഗ്രീന്‍ സ്മൂത്തിയിലാണ് തുടക്കം. ശേഷം പച്ചക്കറികള്‍ കൊണ്ടുള്ള സാലഡും നട്‌സ് കൊണ്ടുള്ള പുഡ്ഡിങ്ങും കഴിക്കും. മൂന്നാമത്തെ ഭക്ഷണം സ്റ്റഫ് ചെയ്ത മധുരക്കിഴങ്ങോ, ഓറഞ്ചോ, ഫെന്നല്‍ സാലഡോ ആയിരിക്കും.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പ്രൊജക്ട് ബ്ലൂ പ്രിന്റ് എന്നുവിളിക്കുന്ന പദ്ധതിയിലൂടെ പ്രായം കുറയ്ക്കല്‍ പ്രക്രിയ തുടങ്ങിയ വിവരം ബ്രയാന്‍ പങ്കുവെച്ചത്. ചികിത്സ തുടങ്ങിവെച്ച തനിക്ക് ഇപ്പോള്‍ പതിനെട്ടുകാരന്റെ ശാരീരിക പ്രകൃതിയും മുപ്പത്തിയേഴുകാരന്റെ ഹൃദയവും ഇരുപത്തിയെട്ടുകാരന്റെ ചര്‍മവുമാണ് ഉള്ളതെന്ന് ബ്രയാന്‍ പറഞ്ഞിരുന്നു.
ബ്രെയിന്‍ട്രീ എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ പ്രശസ്തനായ ബ്രയാന്‍ ജോണ്‍സണ്‍ പിന്നീട് അത് 800 മില്യണ്‍ ഡോളറിന് വില്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ കെര്‍ണേല്‍ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ. ആയ ബ്രയാന്‍ പ്രായം കുറയ്ക്കാനായി പ്ലാസ്മ സ്വാപ്പിങ് എന്ന രക്ത കൈമാറ്റ ചികിത്സ നടത്തുന്നത് വാര്‍ത്തകളില്‍ ഇടം നേടുകയും വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button