BREAKINGNATIONAL

വരണമാല്യം അണിയിക്കാന്‍ തുടങ്ങവെ, വധു മാറിയെന്ന് ആരോപിച്ച് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങി, പിന്നാലെ ട്വിസ്റ്റ്

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ മാമാങ്കത്തിന് പിന്നാലെ നിരവധി ഇന്ത്യന്‍ വിവാഹങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യയിലെ ചില സമൂഹങ്ങളില്‍ വിവാഹ ആഘോഷങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തുടങ്ങും. വിവാഹത്തോടൊപ്പമുള്ള ഓരോ ചടങ്ങും ഇന്ന് ആഘോഷപൂര്‍വ്വമാണ് കൊണ്ടാടുന്നത്. പല വിവാഹങ്ങളും ഏതാണ്ട് ഉത്സവപ്രതീതിയോടെ ദിവസങ്ങളോളമാണ് ആഘോഷിക്കുന്നത്. അതേസമയം ചില വിവാഹങ്ങള്‍ വിവാഹത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലും എത്തുന്നു. കഴിഞ്ഞ ദിവസം സദ്യയ്ക്ക് മീന്‍ കറിയില്ലെന്ന പേരില്‍ വധുവിന്റെ വീട്ടുകാരെ തല്ലുന്ന വരന്റെയും ബന്ധുക്കളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വിവാഹ വാര്‍ത്തയും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
ബിഹാറില്‍ വിവാഹ ചടങ്ങ് തീരുന്നതിന് മുമ്പ് തന്നെ പോലീസ് സ്റ്റേഷനിലെത്തിയ ഒരു വിവാഹത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ബിഹാറിലെ ഗൈഘട്ട് സ്വദേശിയായ വരനെയും കൊണ്ടുള്ള വിവാഹ ഘോഷയാത്ര വിവാഹ ദിവസം കൃത്യസമയത്ത് തന്നെ ബരുരാജിലെ ധൂം നഗറിലുള്ള വധൂ ഗൃഹത്തിലെത്തി. ഘോത്രയാത്രയില്‍ ഉണ്ടായിരുന്നവര്‍ക്ക് വധുവിന്റെ വീട്ടുകാര്‍ ഗംഭീരമായ വരവേല്‍പ്പും ഒപ്പം ഭക്ഷണവും നല്‍കി സ്വീകരിച്ചു. എന്നാല്‍, വിവാഹ വേദിയില്‍ വച്ച് വധുവിന് മാല ചാര്‍ത്തുന്ന ജയമാല ചടങ്ങിന് തൊട്ട് മുമ്പ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധുവിന്റെ വീട്ടുകാര്‍ വധുവിനെ മാറ്റി എന്നായിരുന്നു വരന്റെ ആരോപണം. താന്‍ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച പെണ്‍കുട്ടിയല്ല വിവാഹവേദിയിലെത്തിയതെന്ന് വരന്‍ ആരോപിച്ചു. പിന്നാലെ വരനും കുടുംബവും ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രശ്‌നം രൂക്ഷമായപ്പോഴാണ് വരനും സംഘവും ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ പ്രശ്‌നം വധുവിന്റെ വീട്ടുകാരുടെ ഭാഗത്താണെന്ന് കണ്ടെത്തി. വരന്റെ അമ്മ വധുവിനായി അയച്ച് കൊടുത്ത ലെഹംഗ ഇഷ്ടപ്പെടാത്ത വധു, വിവാഹത്തിന് വിസമ്മതിച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. വിവാഹ ഘോഷയാത്ര വീട്ടു പടിക്കലെത്തിയിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. പിന്നാലെ, വാക്ക് പറഞ്ഞ് ഉറപ്പിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വധുവിന്റെ വീട്ടുകാര്‍, വധുവിന്റെ സഹോദരിയെ വിവാഹ വസ്ത്രം ധരിപ്പിച്ച് വിവാഹവേദിയില്‍ നിര്‍ത്തുകയായിരുന്നെന്ന് ബറാത്ത് പോലീസ് പറയുന്നു. ഒടുവില്‍ എസ്എച്ച്ഒ സഞ്ജീവ് കുമാര്‍ ദുബെ യഥാര്‍ത്ഥ വധുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പോലീസുകാരുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button