LATESTKERALA

വര്‍ക്കല ലീനാമണി കൊലക്കേസ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ഒളിവിലാണ്.

ഇന്നലെ വര്‍ക്കലയിലാണ് ദാരുണ സംഭവമുണ്ടായത്. അയിരൂര്‍ സ്വദേശി ലീനാമണിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ രഹീനയ്ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ലീനാമണിയെ ആക്രമിക്കുമ്പോള്‍ രഹീനയും അവിടെയുണ്ടായിരുന്നു. മറ്റ് മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും വ്യക്തമാക്കി.

ഒന്നര വര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് മരിച്ചത്.  ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാന്‍ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഒരു മാസം മുന്‍പ് പ്രതികളിലൊരാളായ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അതിനിടെ പൊലീസിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ലീനാമണിക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിരുന്നിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ല എന്നാണ് ആരോപണം. എന്നാല്‍ കോടതി ഉത്തരവ് പ്രകാരം സഹദിനെ സ്റ്റേഷനിലേക്ക് വിളിച്ച് വീട് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് പൊലീസിന്റെ വാദം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker