BREAKING NEWSKERALALATEST

വര്‍ക്കലയില്‍ ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച സംഭവം: അഗ്‌നിബാധ തുടങ്ങിയത് കാര്‍പോര്‍ച്ചില്‍ നിന്നെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഫയര്‍ ഫോഴ്‌സ്. തീ പടര്‍ന്നത് വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിന്നാണെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. കാര്‍പോര്‍ച്ചില്‍ നിന്നും കേബിള്‍ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടര്‍ന്നു. തീ ആളിക്കത്താന്‍ സഹായിക്കുന്ന വസ്തുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടിനകത്തുണ്ടായിരുന്നവര്‍ അഗ്‌നിബാധയറിയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുക ശ്വസിച്ചവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതില്‍ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവര്‍ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്‌നിരക്ഷാസേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വര്‍ക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേര്‍ളിയും ഇളയമകന്‍ അഹിലും രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
വീടിന് തീപിടിച്ചെന്ന് അയല്‍വാസി വിളിച്ചു പറഞ്ഞപ്പോള്‍ ആണ് അറിഞ്ഞതെന്നാണ് നിഹുല്‍ നല്‍കിയിരിക്കുന്ന മൊഴി. മൊബൈലില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തീപടരുന്നത് കണ്ടു. തുടര്‍ന്ന് ഭാര്യയേയും കുട്ടിയേയും ബാത്ത് റൂമിലേക്ക് മാറ്റി. വാതിലിനടുത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും നിഹുലിന്റെ മൊഴിയില്‍ പറയുന്നു.
തീപിടുത്തമുണ്ടായ വീടിനു ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അഞ്ചു പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വര്‍ക്കല ഡിവൈഎസ്പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പുക ശ്വസിച്ചതും ചൂടുമാണ് അഞ്ചുപേര്‍ മരിക്കാന്‍ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker