KERALA

‘വള്ളക്കാലില്‍ ബേബിച്ചായന്‍’; മണ്ണില്‍ ചവിട്ടിയ കര്‍ഷകരുടെ നേതാവ്, വിടവാങ്ങുന്നത് പാവങ്ങളുടെ പടത്തലവന്‍

 

തിരുവല്ല: അന്തരിച്ച കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവ് ജോണ്‍ ജേക്കബ് വള്ളക്കാലില്‍ എന്ന ബേബിച്ചായന്‍ കര്‍ഷകരുടെ ഉന്നമനത്തിനായി എക്കാലവും പ്രവര്‍ത്തിച്ച നേതാവായിരുന്നു. പട്ടിണിയും ദാരിദ്ര്യവും അപ്പര്‍ കുട്ടനാടിനെ ബാധിച്ചപ്പോള്‍ കര്‍ഷകരുടെ ഉന്നമനത്തിനായി ശബ്ദമുയര്‍ത്തിയ നേതാക്കന്മാരുടെ മുന്‍നിരയിലുണ്ടായിരുന്നു വള്ളക്കാലില്‍ ബേബിച്ചന്‍ എന്ന നേതാവ്. രാഷ്ട്രീയ സമവാക്യങ്ങളുടെ മുന്‍പില്‍ പതറാതെ നെല്ല,് കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശബ്ദമുയര്‍ത്താന്‍ ബേബിച്ചന്‍ എന്ന നേതാവ് മറന്നില്ല.
സ്‌കൂള്‍വിദ്യാഭ്യാസകാലയളവില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലും സര്‍ സി.പി.ക്കെതിരേയുള്ള സമരങ്ങളിലും ആകൃഷ്ടനായാണ് പൊതുപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ ബിസിനസിലും കൃഷിയിലും സജീവമായി. തുടര്‍ന്ന് പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടറും നീണ്ടകരയില്‍ മത്സ്യബന്ധനബോട്ടുടമയുമായി. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.പെരിവെന്തങ്കരി വെടിവെപ്പ്, ചാത്തങ്കരി തീവെപ്പ് കേസ് തുടങ്ങി നിരവധി കര്‍ഷകപ്രശ്നങ്ങളില്‍ ഇടപെടുകയും സമരങ്ങള്‍ക്ക് നേതൃത്വംനല്‍കുകയും ചെയ്തത് ബേബിച്ചനായിരുന്നു.

1954ല്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 58-ല്‍ ഇ. ജോണ്‍ ജേക്കബ്ബിനൊപ്പംചേര്‍ന്ന് കര്‍ഷകരെ സംഘടിപ്പിക്കുകയും അപ്പര്‍ കുട്ടനാട് കര്‍ഷകസംഘം രൂപവത്കരിക്കുകയും ചെയ്തു. 1959-ലെ വിമോചനസമരത്തെത്തുടര്‍ന്ന് മുഴുവന്‍സമയ രാഷ്ട്രീയക്കാരനും കര്‍ഷകനേതാവുമായി മാറി. 1964-ല്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ മുന്‍നിരയിലുണ്ടായിരുന്ന ഇദ്ദേഹം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രസിഡന്റായിരുന്നു. കേരള കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോണ്‍ ജേക്കബ് വള്ളക്കാലില്‍ 1961 മുതല്‍ 79 വരെ പഞ്ചായത്ത് അംഗമായിരുന്നു.
10 വര്‍ഷത്തോളം കടപ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 92ാം വയസ്സിലും ജോണ്‍ ജേക്കബ് വള്ളക്കാലില്‍ എന്ന ബേബിച്ചായന്‍ തളരാത്ത മനസ്സുമായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യുഡിഎഫിനായി സജീവമായിരുന്നു.1977ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍നിന്ന് മത്സരിച്ചപ്പോള്‍ എതിരാളി വലിയമ്മാവനും മുന്‍ മന്ത്രിയുമായിരുന്ന ഇ.ജോണ്‍ ജേക്കബായിരുന്നു. മുന്‍ തിരഞ്ഞെടുപ്പില്‍ ഇ.ജോണ്‍ ജേക്കബിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നതു ജോണ്‍ ജേക്കബ് വള്ളക്കാലില്‍ ആയിരുന്നു.
ഇതിനിടെ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. അമ്മാവന്‍ ഇ. ജോണ്‍ ജേക്കബ് മാണി ഗ്രൂപ്പിലും ജോണ്‍ ജേക്കബ് വള്ളക്കാലില്‍ പിള്ള ഗ്രൂപ്പിലുമായി. യുഡിഎഫ് മാണി വിഭാഗത്തിനും എല്‍ഡിഎഫ് പിള്ള വിഭാഗത്തിനും തിരുവല്ല സീറ്റ് നല്‍കി. ഇതോടെ ഇരുവര്‍ക്കും ഏറ്റുമുട്ടേണ്ടിവന്നു. 79ല്‍ ഇ.ജോണ്‍ ജേക്കബ് മരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപിന്തുണയുള്ള സ്വതന്ത്രന്‍ പി.സി.തോമസിനോടു പരാജയപ്പെട്ടു.
2003 സെപ്റ്റംബറില്‍ കടപ്രയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ചൈതന്യയാത്രയില്‍ പങ്കെടുത്താണു കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വെളിപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരുവിഭാഗം വള്ളക്കാലിക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒന്നരപതിറ്റാണ്ട് കെപിസിസി അംഗമായിരുന്നു.

കേരള ഭൂഷണം ചീഫ് എഡിറ്റര്‍ ഡോ കെ സി ചാക്കോയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും അവതാരികയോടെ സ്മൃതി പഥങ്ങള്‍ എന്ന ആത്മകഥ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചു.

മികച്ച കര്‍ഷകനുള്ള പഞ്ചായത്ത് അവാര്‍ഡ്, ക്ഷീരകര്‍ഷക ക്ഷേമനിധി അവാര്‍ഡ്, ഐക്യം കമ്പനി അവാര്‍ഡ്, മലങ്കര ഓര്‍ത്തഡോക്സ് സഭാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ഭാര്യ: കുറിയന്നൂര്‍ കട്ടയില്‍ കാലായില്‍ സാറാമ്മ ജോണ്‍. മക്കള്‍: അഡ്വ. ജോര്‍ജ് വള്ളക്കാലില്‍, സഖറിയ ജോണ്‍, പരേതരായ മോഹന്‍ ജോണ്‍, തോമസ് ജോണ്‍. മരുമക്കള്‍: കല്ലട മാട്ടയില്‍ സാറാമ്മ, നിരണം വെങ്ങാഴില്‍ ഷീല, എറണാകുളം തേവര്‍കാട്ടില്‍ വൈനി, പുത്തന്‍കാവ് കരുപ്പാച്ചേരില്‍ ഷീജ.

Related Articles

Back to top button