ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ഹോം സ്ക്രീനില്‍ തന്നെ ലഭ്യമാക്കും.
ഗൂഗിള്‍മാപ്സില്‍ കാണിക്കുന്ന നിയര്‍ബൈ ട്രാഫിക് വിജറ്റില്‍ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പ്രാദേശിക ട്രാഫിക്ക് പരിശോധിച്ചറിയാനാവും. ഇത് കൂടാതെ 2ഃ2 വലുപ്പത്തില്‍ ദൃശ്യമാകുന്ന വിജറ്റിന്റെ പ്രിവ്യൂ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡിനുള്ള ട്രാഫിക് വിജറ്റാണ് നിലവില്‍ ഗൂഗിള്‍ മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കാതെ തന്നെ നിലവിലെ ലൊക്കേഷനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്താനാകും.
നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ വ്യത്താകൃതിയോട് സാമ്യമുള്ള ചതുരത്തിലായിരിക്കും നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ ബട്ടണിലൂടെ അവര്‍ക്ക് വിജറ്റ് സൂം ഇന്‍ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും. വിജറ്റിന്റെ മധ്യഭാഗത്ത് ഒരു നീല ഡോട്ട് അടയാളപ്പെടുത്തിയിരിക്കും. ഉപയോക്താവിന്റെ നിലവിലെ സ്ഥാനം ഹൈലൈറ്റ് ചെയ്യുന്നതിനായി ഒരു മാപ്പ് ഇതിലാണ് കാണിക്കുന്നത്.
വിജറ്റിന്റെ വലുപ്പം മാറ്റാനാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യാത്രയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ ടോള്‍ നിരക്കുകള്‍ മാപ്പ് കാണിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇത് നിലവില്‍ ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ വൈകാതെ ഈ സേവനം ലഭ്യമായേക്കും. ടോള്‍ ഇല്ലാത്ത റൂട്ടുകളില്‍ സഞ്ചാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കുന്നുണ്ട്. ടോള്‍ ഉള്ള റൂട്ടിനൊപ്പം ടോള്‍ഫ്രീ റൂട്ടിന്റെ ഓപ്ഷനും സെലക്ട് ചെയ്യാനാകും.
ഗൂഗിള്‍ മാപ്സിലെ നാവിഗേഷനു മുകളിലായി വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ഈ ഓപ്ഷന് ഉണ്ടാകും. അവിടെ ടാപ്പുചെയ്താല്‍ മതി ടോള്‍ റൂട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കാനും റൂട്ട് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്ത്യയില്‍ എത്ര റോഡുകള്‍ ഗൂഗിളിന്റെ ടോള്‍ സംവിധാനത്തില്‍പ്പെടും എന്ന കാര്യത്തില്‍ വ്യക്തത ഗൂഗിള്‍ നല്‍കിയിട്ടില്ല.