BREAKINGNATIONAL

വഴിയോര കടയില്‍നിന്ന് മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു, 25 പേര്‍ ആശുപത്രിയില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 25 പേര്‍ ആശുപത്രില്‍ ചികിത്സ തേടുകയും ചെയ്തു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വഴിയോരത്തുള്ള ഒരു മോമോസ് സ്റ്റാളില്‍ നിന്ന് വെള്ളിയാഴ്ച കഴിച്ച ഭക്ഷണത്തില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവര്‍ക്ക് ശനിയാഴ്ച മുതല്‍ ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടിരുന്നു. ഏറ്റവും ഗുരുതരമായി ഭക്ഷ്യവിഷബാധയേറ്റ രേഷ്മ ബീഗത്തിനെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡി രാജിക് (19), എംഡി അര്‍മാന്‍ (35) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.
മതിയായ ലൈസന്‍സും ശുചിത്വവുമില്ലാതെയാണ് മോമോസ് സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പിന്നീട് കണ്ടെത്തി. മോമോസ് വിറ്റിരുന്ന ബഞ്ചാര ഹില്‍സിലെ സ്റ്റാളില്‍നിന്നുള്ള ആഹാര സാംപിളുകള്‍ ശേഖരിക്കുന്നതിനൊപ്പം ഖരാട്ടബാദിലെ ചിന്തല്‍ ബസ്തിയിലുള്ള പാചക കേന്ദ്രം സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button