ഇറ്റാനഗര്‍: കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് സൗജന്യമായി 20 കിലോ അരി നല്കി അരുണാചല്‍ പ്രദേശിലെ പ്രാദേശിക ഭരണകൂടം. ഗ്രാമങ്ങളിലെ ജനങ്ങള്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത് വര്‍ധിപ്പിക്കാന്‍ അരുണാചല്‍ പ്രദേശിലെ പ്രാദേശിക ഭരണകൂടമാണ് ഇത്തരമൊരു തന്ത്രം നടപ്പാക്കുന്നത്. അരുണാചല്‍ പ്രദേശിലെ ലോവര്‍ സുബാന്‍സിരി ജില്ലയിലെ യാസലിയിലെ അധികൃതരാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെച്ചത്. വാക്സിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുകയും ജനങ്ങളെ പരമാവധി വാക്സിന് എടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം.
യാസലിയുടെ സര്‍ക്കിള്‍ ഓഫീസറായ ടാഷി വാങ്ചുക് തോങ്ഡോക്കിന്റെ ബുദ്ധിയിലാണ് ഈ ആശയം വിരിഞ്ഞത്. എന്തായാലും ശ്രമം പരാജയപ്പെട്ടില്ല, പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 80 അധികം പേര് വാക്സിന് എടുക്കാനെത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായിരുന്നു വാഗ്ദാനം നല്‍കിയത്. തിങ്കളാഴ്ച നടത്തിയ പ്രഖ്യാപനം ബുധനാഴ്ച വരെ പ്രാബല്യത്തിലുണ്ടായിരുന്നു.
ഇതുവരെ 80 വാക്സിന് സ്വീകരിക്കാന്‍ എത്തിയെന്നും ജൂണ്‍ ഇരുപതോടെ നൂറുശതമാനം പേര്‍ക്കും വാക്സിന് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും താങ്ഡോക് പറഞ്ഞു. 2016 എ.സി.പി.എസ്. ഓഫീസറാണ് താങ്ഡോക്. യാസലി സര്‍ക്കിളില്‍ 45നു മേല്‍ പ്രായമുള്ള 1,399 പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അകലെയുള്ള ഗ്രാമങ്ങളില്‍നിന്ന് വാക്സിന് എടുക്കാന്‍ പലരും എത്തിയത് കാല്‍നട ആയായിരുന്നു. സര്‍ക്കിളിലെ എല്ലാ ഗ്രാമങ്ങളിലും വാക്സിനേഷന് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടമെന്നും തോങ്ഡോക് പറഞ്ഞു. വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിലെ രണ്ട് പൂര്വവിദ്യാര്ഥികളാണ് വിതരണം ചെയ്യാനുള്ള അരി സംഭാവന ചെയ്തതെന്നും തോങ്ഡോക് അറിയിച്ചു.