ന്യൂഡല്‍ഹി: യു.എസ്. കേന്ദ്രീകരിച്ചുള്ള മരുന്നു കമ്പനിയായ ഫൈസറിനെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഫൈസര്‍ കമ്പനി അവര്‍ക്കനുകൂലമായ നഷ്ടപരിഹാര വ്യവസ്ഥ അംഗീകരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യയുടെമേല്‍ സമ്മര്‍ദ്ദംചെലുത്താന്‍ ശ്രമിച്ചിരുന്നെന്ന് മന്ത്രി ട്വീറ്റില്‍ ആരോപിച്ചു. ഫൈസര്‍ വാക്‌സിന്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്ന കമ്പനി സി.ഇ.ഒ.യുടെ വീഡിയോ ട്വീറ്റ് ചെയ്താണ് കേന്ദ്രമന്ത്രി വിമര്‍ശനമുന്നയിച്ചത്.
ഇന്ത്യയിലെ കോവിഡിന്റെ തുടക്കക്കാലത്ത് ഫൈസര്‍, തങ്ങള്‍ മുന്നോട്ടുവെച്ച നഷ്ടപരിഹാര വ്യവസ്ഥ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. വാക്‌സിന്‍ ഏതെങ്കിലും തരത്തിലുള്ള വിപരീത ഫലമുണ്ടാക്കിയാല്‍ കമ്പനിക്ക് ബാധ്യതയുണ്ടായിരിക്കില്ല എന്നായിരുന്നു വ്യവസ്ഥയെന്നും മന്ത്രി ആരോപിക്കുന്നു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കു പകരം വിദേശ നിര്‍മിത വാക്‌സിന്‍ തന്നെ നല്‍കണമെന്ന് വാദിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളെയും മന്ത്രി പേരെടുത്ത് വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി. ചിദംബരം, ജയ്‌റാം രമേശ് എന്നിവര്‍ വിദേശ വാക്‌സിനുവേണ്ടി വാദിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയ ഫൈസര്‍ സി.ഇ.ഒ. ആല്‍ബര്‍ട്ട് ബോര്‍ലയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്തിയിരുന്നു. വാക്‌സിന്‍ നൂറുശതമാനം കോവിഡിനെ തുരത്തുമെന്നായിരുന്നു ഫൈസറിന്റെ അവകാശവാദമെന്നും എന്നാല്‍ വാക്‌സിന് കോവിഡ് വ്യാപനം നിയന്ത്രിക്കാനായില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആല്‍ബര്‍ട്ട് ബോര്‍ല പ്രതികരിച്ചില്ല. ഇതിന്റെ വീഡിയോ ആണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്.