BREAKING NEWSHEALTHWORLD

വാക്‌സിന്‍ എടുത്തോ, ഇല്ലെങ്കില്‍ വേഗം എടുത്തോ… കൊവിഡ് മരണങ്ങളില്‍ 99% ഉം രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കത്രേ

ലണ്ടന്‍: മുഴുവന്‍ പേരിലേയ്ക്കും കൊവിഡ് 19 വാക്‌സിന്‍ എത്തിച്ച് മരണസംഖ്യയും ആശുപത്രികളിലെ തിരക്കും പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരുകള്‍ തീവ്രശ്രമം തുടരുന്നതിനിടെ വാക്‌സിന്റെ ഫലപ്രാപ്തിയെപ്പറ്റി പഠന റിപ്പോര്‍ട്ട്. മൊത്തം കൊവിഡ് മരണങ്ങളില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മരിക്കുന്നതെന്നാണ് യുകെയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഈ വര്‍ഷം കൊവിഡ് ബാധിച്ച് മരിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരെയും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെയും അപേക്ഷിച്ച് മരണസാധ്യത തീരെ കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. മൊത്തം മരണത്തില്‍ ഒരു ശതമാനം മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രോഗപ്രതിരോധശേഷി നേടിയവരുടെ എണ്ണം.
ജനുവരി രണ്ട് മുതല്‍ ജൂലെ രണ്ട് വരെ ഇംഗ്ലണ്ടിലുണ്ടായ 51,281 കൊവിഡ് മരണങ്ങളാണ് പഠനവിധേയമാക്കിയത്. ഇതില്‍ 640 പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും മരണത്തിനു കീഴടങ്ങിയത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷമുള്ള കൊവിഡ് മരണം അപൂര്‍വ സംഭവമാണെന്നു തെളിയിക്കുന്നതാണ് പഠന റിപ്പോര്‍ട്ട്.
‘രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ശേഷവും ആളുകള്‍ മരിക്കുന്നുണ്ടെന്ന കാര്യമാണ് ഞങ്ങള്‍ ഈ വിശകലനത്തില്‍ നിന്ന് ദുഃഖത്തോടെ മനസ്സിലാക്കിയത്. പക്ഷെ വാക്‌സിന്‍ സ്വീകരിക്കാത്തവരെയും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെയും അപേക്ഷിച്ച് വളരെ കുറവാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലെ കൊവിഡ് മരണം.’ ഓഫീസ് ഓഫ് നാഷല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഹെല്‍ത്ത് ആന്റ് ലൈഫ് ഇവന്റ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജൂലി സ്റ്റാന്‍ബൊറോ വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ ഗുരുതരമായ രോഗബാധയില്‍ നിന്നും മരണത്തില്‍ നന്നും വലിയ സംരക്ഷണം നല്‍കുന്നുണ്ടെന്നതിന്റെ തെളിവാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശരാശരി പ്രായം 84 വയസാണെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇങ്ങനെ മരണങ്ങള്‍ ഉണ്ടാകുന്നതെന്നും പഠനത്തില്‍ പറയുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് പോസിറ്റീവാകുമ്പോള്‍ മാത്രമാണ് ഇത് ബ്രേക് ത്രൂ രോബാധയായി കണക്കാക്കുന്നത്.
ഇത്തരത്തില്‍ വാക്‌സിനു ശേഷവും കൊവിഡ് വന്നു മരിച്ചവരില്‍ 75 ശതമാനം പേര്‍ക്ക് ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും 13 ശതമാനം പേര്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരായിരുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ മരിച്ചവരില്‍ 61 ശതമാനവും പുരുഷന്മാരാണ്. അതേസമയം, മൊത്തത്തില്‍ നോക്കിയാല്‍ ഇതു വളരെ ചെറിയ സംഖ്യയാണെന്നും കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായ കൊവിഡ് മരണങ്ങളുടെ അര ശതമാനം മാത്രമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker