തിരുവനന്തപുരം: സൗജന്യ വാക്സിന് വിതരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള വാക്സിന് ചലഞ്ചിന് പിന്തുണയുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തുന്നത് നല്ല കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണ മനസ്സോടെ പ്രതിപക്ഷം സഹകരിക്കുമെന്നാണ് താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും, അന്ധമായ പ്രതിപക്ഷ വിരോധം കാരണമാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങള്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് യു.ഡി.എഫിന്റേയും മുസ്ലിംലീഗിന്റേയും അഭിപ്രായമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. സര്‍ക്കാര്‍ സംവിധാനം കൈയിലുള്ളത് കൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമത കാണിക്കണം. ഓക്സിജനില്ല, വാക്സിനില്ല എന്നിങ്ങനെ പറഞ്ഞ് നടക്കുകയല്ല വേണ്ടത്. കാര്യങ്ങള്‍ നടന്നിരിക്കണം.
കേന്ദ്ര സര്‍ക്കാര്‍ ആദ്യം ശ്രദ്ധിച്ചത് പേരെടുക്കാനാണ്. അവനവന്റെ പൗരന്മാരെ നോക്കിയിട്ടാണ് പേരെടുക്കേണ്ടത്. കേന്ദ്രം കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കിയത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
മറ്റു രാജ്യങ്ങളൊക്കെ അവരുടെ രാജ്യത്ത് വാക്സിന് സംഭരിക്കാനാണ് ശ്രദ്ധിച്ചത്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ വീഴ്ച പറ്റി. അതിന്റെ പരിണിത ഫലമാണ് അനുഭവിക്കുന്നത്. അത്തരം വീഴ്ചകള്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത്നിന്നുണ്ടാകാതെ നോക്കണം. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രതിപക്ഷം എല്ലാവിധ സഹകരണത്തിനും തയ്യാറാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു പൊതുഫണ്ടാണ്. ആര്‍ക്കും അതിലേക്ക് സംഭാവന നല്‍കാം. അതില്‍ ആര്‍ക്കും എതിര്‍പ്പില്ല. നാളെ മറ്റൊരു മുഖ്യമന്ത്രി വന്നാല്‍ ആ മുഖ്യമന്ത്രിയുടേതാണ് ആ ഫണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വാക്സിന് ചലഞ്ച് നല്ല കാര്യമാണെന്നും എന്നാല്‍ പ്രളയ ഫണ്ട് പോലെ സി.പി.എം. നേതാക്കളുടെ അക്കൗണ്ടിലേക്കെത്തരുതെന്നും ബി.ജെ.പി.നേതാവും കേന്ദ്ര മന്ത്രിയുമായി വി.മുരളീധരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം മാത്രമേ പറയൂ എന്നായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. ഇന്നത്തെ ദിവസം മാത്രം വൈകുന്നേരം നാല് മണിവരെ 1.15 കോടി രൂപയാണ് വാക്സിന് ചലഞ്ചിലൂടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.