BREAKING NEWSKERALA

വാക്‌സിന്‍ യുദ്ധം: വീട്ടുമുറ്റ സമരവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്നു എന്ന ആരോപണമുയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വീട്ടുമുറ്റ സമരവുമായി എല്‍ഡിഎഫ്. സംസ്ഥാനത്തു വ്യാപകമായി വാക്‌സിന്‍ ചലഞ്ചു നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്നുവെന്നു കാട്ടി എല്‍ഡിഎഫ് സമരത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏപ്രില്‍ 28നു വൈകുന്നേരം 5.30 മുതല്‍ 6 മണി വരെയാണ് വീട്ടുമുറ്റത്തു സത്യാഗഹ സമരം നടത്തുന്നത്. എല്ലാ പാര്‍ട്ടി അനുഭാവികളും സമരത്തില്‍ പങ്കെടുക്കണമെന്നു നിര്‍ദേശമുണ്ട്.
‘സൗജന്യ വാക്‌സിന്‍നിഷേധത്തിനെതിരെയുള്ള സമരത്തില്‍ ഞാനും കുടുംബവും പങ്കാളികളാകുന്നു’ എന്ന പ്ലകാര്‍ഡു ഉയര്‍ത്തിയാണ് സമരം . മനുഷ്യ ജീവനു വില നല്‍ക്കാത്ത കേന്ദ്ര ഗവണ്‍മെന്റിനെതിരെ പ്രതിഷേധിക്കുക. എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നടപ്പാക്കിയ കേരളാ സര്‍ക്കാരിനു അഭിവാദ്യം എന്നീ മുദ്രാവാക്യങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്.
സംസ്ഥാനത്തു ആവശ്യത്തിനു വാക്‌സിന്‍ ഇല്ലെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു. വാക്‌സിനു വില ഈടാക്കുന്നതിന് ന്യായവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കേന്ദ്രത്തിനു 150 രൂപയ്ക്കും, സംസ്ഥാനത്തിനു 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്‍ക്കു 600 രൂപ നിരക്കിലുമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കാണ് ഇത്. യുഎസ്,യുകെ, ദക്ഷിണാഫ്രിക്ക,സൗദി അറേബ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിലും കുറഞ്ഞ വിലയ്ക്കാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നല്‍കുന്നത്. ഈ രാജ്യങ്ങളിലെല്ലാം സൗജന്യമായിട്ടാണ് വാക്‌സിന്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്വന്തമായി വാക്‌സിന്‍ വാങ്ങുന്നതിനുള്ള നടപടിയും കേരളം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രത്തിനെതിരായ നുണപ്രചചാരണം നിര്‍ത്തി ക്രേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ വ്യവസ്ഥാപിതമായി വിതരണം ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്ന മറുവാദവുമായി ബിജെപി നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസും രംഗത്തെത്തി. ഇങ്ങനെ വാക്‌സിന്‍ സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനിടെയാണ് എല്‍ഡിഎഫ് സമരവുമായി രംഗത്തു എത്തിയിരിക്കുന്നത്.ഇതിനിടെ കേരളത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും വാക്‌സിനെടുക്കുന്നതിനാണ് നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തു വാക്‌സിന്‍ എടുക്കാനെത്തിയ മൂന്നു പേര്‍ കുഴഞ്ഞു വീണിരുന്നു.

Related Articles

Back to top button