BREAKINGINTERNATIONAL

വാര്‍ധക്യം തടയുന്ന മരുന്നു കണ്ടുപിടിക്കണം; റഷ്യന്‍ ശാസ്ത്രജ്ഞരോട് പുതിന്‍

മോസ്‌കോ: റഷ്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരുന്നത് പരിഹരിക്കാനായി വാര്‍ധക്യം തടയുന്ന ചികിത്സ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞരോട് ഉത്തരവിട്ട് പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. വാര്‍ധക്യം തടയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമുള്ള കണ്ടുപിടിത്തങ്ങള്‍ നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് റഷ്യന്‍ ആരോഗ്യമന്ത്രാലയം ജൂണില്‍ ഗവേഷണസ്ഥാപനങ്ങള്‍ക്ക് കത്തയച്ചു.
ഇതിനായുള്ള ഗവേഷണങ്ങള്‍ക്ക് നിക്ഷേപം നടത്താനുള്ള സര്‍ക്കാരിന്റെ പദ്ധതി റഷ്യന്‍ ഉപപ്രധാനമന്ത്രി തത്യാന ഗൊലിക്കോവ മോസ്‌കോയില്‍നടന്ന ‘റോഷ്യ’ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു. 2030-ഓടെ 1.75 ലക്ഷം ജീവനുകള്‍ രക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശമെന്നാണ് രഹസ്യാന്വേഷണറിപ്പോര്‍ട്ട്.
കുറഞ്ഞ സമയപരിധി നിശ്ചയിച്ചുള്ള ഉത്തരവ് പ്രമുഖ മെഡിക്കല്‍ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സാധാരണ ഇത്തരം ദേശീയപദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പുണ്ടാകുന്ന വിദഗ്ധര്‍ ഉള്‍പ്പെടുന്ന യോഗങ്ങളോ പൊതുചര്‍ച്ചകളോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ഗവേഷണത്തിന്റെ ഉയര്‍ന്ന ചെലവിനെക്കുറിച്ചും ഇവര്‍ക്ക് ആശങ്കയുണ്ട്.
ജൂലായില്‍ ഫെഡറല്‍ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വീസ് ഓഫ് റഷ്യ പുറത്തുവിട്ട കണക്കുകള്‍പ്രകാരം രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ട്. 2023 ജൂലായ് മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവില്‍ 73.24 വര്‍ഷമായാണ് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത്.

Related Articles

Back to top button