BREAKING NEWSKERALALATEST

വാളയാര്‍ പീഡന കേസ്: ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട പരാമര്‍ശം നീക്കംചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യുഡല്‍ഹി: വാളയാര്‍ പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ ഉണ്ടായിരുന്ന പരാമര്‍ശം നീക്കംചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം ഉന്നയിച്ച ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. എന്തിനാണ് പ്രോക്‌സി ഹര്‍ജി നല്‍കുന്നതെന്ന് കിഡ്‌സ് ഫോറത്തിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആരാഞ്ഞു.
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട പരാമര്‍ശം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ 103ാം പാരഗ്രാഫിലെ ചില പരാമര്‍ശങ്ങള്‍ നീക്കംചെയ്യണമെന്നാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
പ്രാഥമികഘട്ടത്തിലെ കേസ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നാണ് ഹൈക്കോടതി വിധിയില്‍ രേഖപ്പെടുത്തിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിധിയില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശം നീക്കംചെയ്യണം എന്നായിരുന്നു കിഡ്‌സ് ഫോറത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാമശങ്ങള്‍ക്ക് എതിരെ അവരല്ലേ കോടതിയില്‍ എത്തേണ്ടതെന്ന് ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആരാഞ്ഞു.
ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനങ്ങളും ഹൈക്കോടതി വിധിയിലെ 103ാം ഖണ്ഡികയില്‍ ഉണ്ടായിരുന്നു. ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ പോലീസ് സേനയ്ക്ക് ആകെ അവമതിപ്പുണ്ടാക്കുമെന്നും ഹൈക്കോടതി വിധിയില്‍ രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker