വാളയാർ കേസ് അട്ടി മറിച്ച പൊലീസ് ഓഫീസർ സോജനെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് നടക്കുന്ന കുട്ടികളുടെ അമ്മയുടെ സമരം ശക്തമായ സാമൂഹ്യ പിന്തുണയോടെ മുന്നേറുന്നു. ജനു: 26 മുതൽ ആരംഭിച്ച സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പെമ്പിളൈ ഒരുമ നേതാവ് ഗോമതി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബലം പ്രയോഗിച്ച് പൊലീസ് ഗോമതിയെ അറസ്റ്റു ചെയ്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് സെലീന പ്രക്കാനവും വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജാ മാധവനും നിരാഹര മനുഷ്ഠിച്ചു. ഇന്നു മുതൽ വാളയാർ നീതി സമരസമിതി നേതാവ് അനിതാ ഷിനു നിരാഹാര സമരം ആരംഭിച്ചു. സി ആർ നീലകണ്ഠനും ഫാദർ അഗസ്റ്റിൻ വട്ടോളിയും വി എം മാർസനും വിളയോടി വേണുഗോപാലും അടക്കമുള്ള വാളയാർ നീതി സമരത്തിലെ നേതൃനിരയിലെ പ്രധാനിയാണ് പത്തനംതിട്ട സ്വദേശിനിയായ അനിതാഷിനു . തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലവിൽ വരും മുമ്പ് സോജനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്നാണ് സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോട് ഐക്യദാർഢ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ സമര പന്തലിൽ വച്ച് തലമുണ്ഡനം ചെയ്യുന്ന പ്രതിഷേധ പരിപാടി നടന്നു വരികയാണ്. കുട്ടികളുടെ പീഡനത്തിനും കൊലപാതകത്തിനും യഥാർത്ഥ ഉത്തരവാദികളെ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതും മുൻ അന്വേഷണത്തെ വഴിതെറ്റിച്ചവർ ആരൊക്കെ എന്നത് വെളിച്ചത്തു കൊണ്ടുവരേണ്ടതും കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടതും ഒരു ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ ഇരയ്ക്കൊപ്പമാണ് നിലകൊള്ളേണ്ടത് വേട്ടക്കാർക്കൊപ്പമല്ല എന്നത് പ്രവൃത്തിയിലൂടെ തെളിയിക്കേണ്ട സന്ദർഭമാണ് വാളയാർ സമരം ഉയർത്തുന്നത്.
Related Articles
Check Also
Close