BREAKINGNATIONAL

വാഹനം കൂടിയാല്‍ എ.ഐ. കാണും, പച്ച ലൈറ്റ് തെളിയും; ഇവിടെ ട്രാഫിക് സിഗ്‌നലും ഇനി ഹൈടെക്കാണ്

ബെംഗളൂരു നഗരത്തിലെ ജങ്ഷനുകളില്‍ വാഹനങ്ങളുടെ തിരക്കൊഴിവാക്കാന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ബെംഗളൂരു ട്രാഫിക് പോലീസും ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടും (ഡി.യു.എല്‍.ടി.) സംയുക്തമായി ആദ്യഘട്ടത്തില്‍ നഗരത്തിലെ 165 ജങ്ഷനുകളിലാണ് നിര്‍മിതബുദ്ധി അടിസ്ഥാനമായ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ഇതില്‍ 23 എണ്ണത്തില്‍ ഇത്തരം സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു. നിലവില്‍ ജങ്ഷനുകളില്‍ നിശ്ചിത സമയത്തേക്കാണ് ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സിഗ്നല്‍ ജങ്ഷനുകളിലെത്തുന്ന വാഹനങ്ങളുടെ തിരക്കനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുന്നത്. അതായത് വാഹനങ്ങളില്ലെങ്കിലും പച്ച സിഗ്‌നല്‍ തെളിഞ്ഞു കിടക്കില്ല.
വാഹനങ്ങള്‍ കൂടുതലുള്ള സിഗ്‌നലില്‍ പച്ച വെളിച്ചം തെളിയും. നഗരത്തിന്റെ തെക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമാണ് ഇത്തരം സിഗ്നലുകള്‍ സ്ഥാപിച്ചത്. 2025 ജനുവരിയോടെ എല്ലാ ജങ്ഷനുകളിലും ഇത്തരം സിഗ്നലുകള്‍ സ്ഥാപിക്കുമെന്ന് അനുചേത് പറഞ്ഞു. 23 ജങ്ഷനുകളില്‍ വെഹിക്കിള്‍ ആക്യുട്ടഡ് കണ്‍ട്രോള്‍ഡ് (വി.എ.സി.) മോഡിലാണ് പ്രവര്‍ത്തിക്കുന്നത്.
മൈസൂരു റോഡ്, മാഗഡി റോഡ്, വെസ്റ്റ് ഓഫ് കോഡ് റോഡ്, കനകപുര റോഡ്, ഹൊസൂര്‍ റോഡ്, തുമകൂരു റോഡ്, ബെന്നാര്‍ഘട്ട റോഡ്, ആര്‍.വി. റോഡ്, ബല്ലാരി റോഡ് എന്നിവിടങ്ങളിലെ ജങ്ഷനുകളിലാണ് സിഗ്‌നലുകള്‍ സ്ഥാപിച്ചത്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി 40,000-ത്തോളം ജങ്ഷനുകളുണ്ട്. ഇതില്‍ സിഗ്നല്‍ വെച്ച് നിയന്ത്രിക്കുന്ന ജങ്ഷനുകളും ട്രാഫിക് പോലീസ് നേരിട്ട് നിയന്ത്രിക്കുന്ന ജങ്ഷനുകളുമുണ്ട്.
ആദ്യഘട്ടത്തില്‍ 165 ജങ്ഷനുകളിലാണ് നിര്‍മിത ബുദ്ധി അധിഷ്ഠിത സിഗ്നല്‍ സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 220 ജങ്ഷനുകളിലും മൂന്നാം ഘട്ടത്തില്‍ 107 ജങ്ഷനുകളിലും സിഗ്‌നല്‍ സ്ഥാപിക്കും. കൂടുതല്‍ വാഹനങ്ങളുള്ള ജങ്ഷനില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

സിഗ്നല്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍

ഹഡ്‌സണ്‍ സര്‍ക്കിള്‍, പോലീസ് കോര്‍ണര്‍, ഹലസൂരു ഗേറ്റ്, ടൗണ്‍ഹാള്‍, മിനര്‍വ ജങ്ഷന്‍, ജെ.സി. റോഡ്, മെഡിക്കല്‍ കോളേജ്, കെ.ആര്‍. റോഡ്, നയന്ദഹള്ളി, ജെ.പി. നഗര്‍ മെട്രോ സ്റ്റേഷന്‍, മേഖ്രി സര്‍ക്കിള്‍, കോഫി ബോര്‍ഡ്, കാവേരി തിയറ്റര്‍, ബസവേശ്വര സര്‍ക്കിള്‍, നവരംഗ്, എം.സി. സര്‍ക്കിള്‍, ബസപ്പ ജങ്ഷന്‍, ലാല്‍ബാഗ് വെസ്റ്റ് ഗേറ്റ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, മഡിവാള ചെക് പോസ്റ്റ്, ആഡുഗോഡി ജങ്ഷന്‍, ഡയറി സര്‍ക്കിള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം സിഗ്നലുകള്‍ സ്ഥാപിക്കും.

Related Articles

Back to top button