BREAKINGKERALA

വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കാം, പിടിവീഴില്ല; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മോട്ടര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി. കൂളിങ് ഫിലിം നിര്‍മിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയ സ്ഥാപനം തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പിന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.
ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുന്‍പുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി നിരാകരിച്ചു. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിര്‍ത്താന്‍ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ആലപ്പുഴയിലെ സ്ഥാപനത്തിന് റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് കാണിച്ച് എംവിഡി നല്‍കിയ നോട്ടിസും ഫിലിം ഒട്ടിച്ചതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തിയ നടപടിയും കോടതി റദ്ദാക്കി.

Related Articles

Back to top button