BREAKING NEWSLATESTNATIONAL

വാഹനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ പാരിതോഷികം നല്‍കും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാന്‍ കൂടുതല്‍ സാധ്യത. ‘ഗോള്‍ഡന്‍ അവര്‍’ എന്നു വിളിക്കുന്ന ഈ നിര്‍ണായക മണിക്കൂറില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്കായിരിക്കും പാരിതോഷികം. ഇതോടൊപ്പം പ്രശംസാപത്രവും നല്‍കും.
ഒക്ടോബര്‍ 15ന് നിലവില്‍വരുന്ന പദ്ധതി 2026 മാര്‍ച്ച്31 വരെ തുടരും. വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിനു പരിഗണിക്കില്ല.
പ്രധാന ശസ്ത്രക്രിയ, ചുരുങ്ങിയത് മൂന്നുദിവസം ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതരപരിക്ക് എന്നിവ ഉള്‍പ്പെടുന്ന അപകടങ്ങളാണ് ‘മാരക അപകടങ്ങള്‍.’ .
അപകടസ്ഥലത്തുനിന്ന് ഒരു ‘ശമരിയാക്കാരന്‍’ ഒന്നിലധികംപേരെ മരണത്തില്‍നിന്ന് രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം. വലിയ അപകട സ്ഥലത്തുനിന്ന്് ഒന്നിലധികംപേര്‍ ചേര്‍ന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കില്‍ 5000 രൂപ എല്ലാവര്‍ക്കുമായി വീതിക്കും. ഒന്നിലധികം നല്ല ‘ശമരിയാക്കാര്‍’ ചേര്‍ന്ന്് ഒന്നിലേറെപ്പേരെ രക്ഷിച്ചാല്‍, രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കിയാവും പാരിതോഷികം നല്‍കുക. ഒരുവര്‍ഷം ഇത്തരത്തില്‍ പാരിതോഷികവും പ്രശംസാപത്രവും ലഭിച്ചവരില്‍നിന്ന് പത്തുപേരെ ദേശീയതലത്തില്‍ തിരഞ്ഞെടുത്ത് ഒരുലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരം നല്‍കും.
അപകടവിവരം പോലീസിനെ ആദ്യം അറിയിക്കുന്ന നല്ല ശമരിയാക്കാരന്, ഡോക്ടറുടെ റിപ്പോര്‍ട്ടും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി പോലീസ് രസീത് നല്‍കണം. പരിക്കേറ്റയാളെ നല്ല ശമരിയാക്കാരാന്‍ നേരിട്ടാണ് ആശുപത്രിയിലെത്തിച്ചതെങ്കില്‍ ആശുപത്രിയധികൃതര്‍ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. സംഭവം നടന്ന സ്ഥലം, തീയതി, നല്ല ശമരിയാക്കാരന്റെ ഇടപെടല്‍, അദ്ദേഹത്തിന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പോലീസ് രസീത് നല്‍കുകയും വേണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കുക. ജില്ലാതല സമിതി ഓരോ മാസവും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പാരിതോഷികം നല്‍കുന്ന കാര്യത്തില്‍ ജില്ലാതല സമിതിയുടെ ശുപാര്‍ശ സംസ്ഥാന ഗതാഗത കമ്മിഷണര്‍ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. പദ്ധതി വിലയിരുത്താന്‍ സംസ്ഥാനങ്ങളില്‍ സെക്രട്ടറിതല മേല്‍നോട്ട സമിതി രൂപവത്കരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker