BUSINESS

വിആര്‍ ലാബുമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ടെക്മാഗി

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ടെക്മാഗി വൈദ്യുതവാഹനങ്ങള്‍ക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ലാബ് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിആര്‍. ബിന്ദു ഔദ്യോാഗിക ഉദ്ഘാടനം നിര്‍വഹിച്ചു.വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം ഈ ലാബ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
വി ആര്‍ സാങ്കേതികവിദ്യയില്‍ സൈദ്ധാന്തിക അറിവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്തി വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠനാനുഭവം വിആര്‍ ലാബ് നല്‍കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ വിആര്‍ ലാബിന്റെ വികസനം സാധ്യമാക്കുകയും, അതുവഴി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താനും ടെക്മാഗി ലക്ഷ്യമിടുന്നു.
ഇവി മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുന്നതില്‍ വിആര്‍ ലാബിന് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് കമ്പനി സിഇഒ ദീപക് രാജന്‍ പറഞ്ഞു.സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ടെക്മാഗി തയ്യാറെടുക്കുകയാണ്. വിആര്‍ ലാബില്‍ കൂടുതല്‍ വിപുലീകരണവും വികസനവും നടത്താനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ ലോകത്തെ അക്കാദമിക് പഠനവുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് 2021 സ്ഥാപിതമായ ടെക്മാഗി പ്രവര്‍ത്തിക്കുന്നത്. പ്രായോഗികവും നൈപുണ്യമുള്ള പഠനമാര്‍ഗങ്ങളെ കേന്ദ്രീകരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളുടെ വിപുലമായ ശേഖരം വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ പ്രദാനം ചെയ്യുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൊച്ചിയിലെ കാമ്പസിലാണ് ടെക്മാഗിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

Related Articles

Back to top button