വിക്ടേഴ്സ് ചാനലിലെ രണ്ടാംഘട്ട ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും. ക്ലാസുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ജൂണ്‍ ഒന്ന് മുതല്‍ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്സ് ചാനല്‍ വഴി കാണിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മികച്ച സ്വീകാര്യതയുണ്ടായെന്നുമാണ് വിലയിരുത്തല്‍.

അതേസമയം, ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണം അനുവദിക്കും. അറബി, ഉറുദു, സംസ്‌കൃതം ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. സംസ്ഥാനത്ത് ടി.വി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നും ഇവര്‍ക്ക് രണ്ടു ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതേസമയം വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കില്‍ വരിക്കാര്‍ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്നും 16.5 ലക്ഷംപേര്‍ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികം പേര്‍ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക,യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്നും ക്ലാസുകള്‍ കാണുകയുണ്ടായി. ആദ്യ ക്ലാസുകളുടെ ഫീഡ്ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.