BREAKING NEWSFeaturedNATIONAL

വിജയിച്ചത് കര്‍ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടം

തിരിച്ചടികളില്‍ പതറാതെ മുന്നേറിയ കര്‍ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടം ഒടുവില്‍ വിജയക്കൊടി പാറിച്ചിരിക്കുന്നു. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളോട്, നിലപാടുകളോട്, നിയമങ്ങളോടാണ് അവരുടെ സമരം. കോര്‍പ്പറേറ്റുകള്‍ക്കായി കാര്‍ഷിക നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ വെറുതെയിരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുമായിരുന്നില്ല. കര്‍ഷകരെ കൂട്ട ആത്മഹത്യകളിലേക്കു നയിക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനം വരെ സമരം നീണ്ടു. സംഘര്‍ഷങ്ങളും രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലുകളും ഉണ്ടായി. നിരവധി കര്‍ഷകര്‍ ജീവന്‍ ബലികഴിച്ച് പ്രതിഷേധിച്ചു. ഇതിനിടെ, രാജ്യത്ത് 750ഓളം കര്‍ഷകര്‍ മരിക്കുകയും ചെയ്തു. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഒരിക്കലും പരിഹാരം കൊണ്ടുവന്നില്ല. നിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി, ഇക്കാര്യം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ ഒരുക്കമായിരുന്നില്ല. രാജ്യതലസ്ഥാനത്തെ സമരത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ നടത്തി പിന്തുണ ഉറപ്പാക്കി. ഹര്‍ത്താലും ഭാരതബന്ദും നടത്തി സമരം സജീവമായി നിലനിര്‍ത്തി. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അത് തിരിച്ചടിയായി. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ഷക സമരം തുടരുന്നത് ആപത്താണെന്നും സര്‍ക്കാരിന് മനസിലായി. സമരം ഒരു വര്‍ഷത്തോടടുക്കുമ്പോള്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ജയിച്ചത് കര്‍ഷക പോരാട്ടം തന്നെയായിരുന്നു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ ബാധിക്കുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നു, കര്‍ഷകര്‍ക്ക് സ്വതന്ത്ര വിപണിയില്‍ ഇടപെടാനുള്ള അവസരം, കാര്‍ഷിക മേഖലയില്‍ ഉല്‍പാദന വര്‍ധന ലക്ഷ്യമിട്ടുള്ള വന്‍ നിക്ഷേപങ്ങള്‍ എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ മോഹന വാഗ്ദാനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ ഇത്രയൊക്കെ പറഞ്ഞിട്ടും എന്തുകൊണ്ടായിരിക്കും കര്‍ഷകര്‍ കൊടുംതണുപ്പിലും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്? കാരണം ഒന്നേയുള്ളൂ, പുതിയ നിയമങ്ങള്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ പൂര്‍ണ തകര്‍ച്ചയിലേക്കും കോര്‍പ്പറേറ്റുകളുടെ കൈയിലേക്കും എത്തിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമൊട്ടുമില്ല. വിപണി മൂല്യത്തിന്റെ ഏറ്റക്കുറച്ചിലുകളിലേക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നവുമായി എത്തുക. കൂടിയ വില ലഭിക്കുന്ന വിപണിയില്‍ അവര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാം. അതേസമയം, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വിപണിയോ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയോ ഉറപ്പാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മൊത്തമായോ അല്ലാതെയോ ഉല്‍പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ അവസരമൊരുങ്ങും.
ഒറ്റനോട്ടത്തില്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്ന പ്രക്രിയയാണെന്ന് തോന്നുമെങ്കിലും അപകടം പതിയിരിപ്പുണ്ട്. കോര്‍പ്പറേറ്റുകളുടെ വരവോടെ പ്രാദേശിക ചന്തകളെന്ന സംവിധാനം കാലക്രമേണ ഇല്ലാതാകും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സംഭരിക്കുന്ന കാര്‍ഷിക വിളകള്‍ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന സംവിധാനവും നിലനിന്നേക്കില്ല. അതോടെ, വിപണി സമവാക്യങ്ങള്‍ നിര്‍ണയിക്കുക കോര്‍പ്പറേറ്റുകളായിരിക്കും. കര്‍ഷകരുടെ വിലപേശലുകളും അവകാശങ്ങളുമൊക്കെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കുമുന്നില്‍ കീഴ്‌പ്പെടേണ്ട സാഹചര്യമുണ്ടാകും. വില നിയന്ത്രണത്തിനോ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ വില ഉറപ്പാക്കാനോ സംവിധാനമില്ലെന്നതിനാല്‍ കര്‍ഷകര്‍ വീണ്ടും കടക്കെണിയിലേക്ക് തള്ളപ്പെടും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനം മാത്രമല്ല, വയലുകളിലേക്കും കോര്‍പ്പറേറ്റുകള്‍ക്ക് പാതയൊരുക്കുന്നതാണ് പുതിയ നിയമം. കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ പുതിയ നിയമം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കാര്‍ഷിക വിപണി കെയടക്കിയിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ തന്നെ വയലുകളില്‍ പാകേണ്ട വിളകളും വളവും ഉപകരണവുമൊക്കെ വിതരണം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. കര്‍ഷകരുടെ സംരക്ഷകരെന്ന വ്യാജേന വളവും വിത്തും ഉപകരണങ്ങളും സാങ്കേതിക, സാമ്പത്തിക പിന്തുണകളും നല്‍കി വിളവെടുപ്പിച്ച് തങ്ങളിലേക്കുതന്നെ മുതല്‍ക്കൂട്ടാം. സംഭരണവും വിപണനവും കൂടിയാകുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണം പൂര്‍ത്തിയാകും.
പട്ടിണികിടന്നും ജീവന്‍വെടിഞ്ഞും കര്‍ഷകര്‍ ഉഴുതു പാകപ്പെടുത്തി സൂക്ഷിച്ച മണ്ണില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിത്ത് പാകാന്‍ അവസരമൊരുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഏക്കറുകണക്കിന് ഭൂമി സ്വന്തമായുള്ളവരല്ല നമ്മുടെ കര്‍ഷകര്‍. പാട്ടത്തിനെടുത്തും കടംമേടിച്ചുമൊക്കെ കൃഷി ചെയ്യുന്നവരാണ് ഏറെയും. കാര്‍ഷിക വിളകള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ അമ്പത് ശതമാനം മിനിമം സഹായ വില പ്രഖ്യാപിക്കുക, സര്‍ക്കാര്‍ ചന്തകള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിങ്ങനെ ആവശ്യങ്ങള്‍ ഏതാനും വര്‍ഷമായി കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതിലേക്കൊന്നും ശ്രദ്ധിക്കാതെ, കര്‍ഷകരെ സ്വതന്ത്ര കമ്പോളത്തിലേക്കും ലാഭക്കൊതിയന്മാരായ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്കും എറിഞ്ഞുകൊടുത്തിട്ട് മാറിനില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. അങ്ങനെയാണ് കഴിഞ്ഞ നവംബര്‍ 26ന് കര്‍ഷകര്‍, ട്രാക്ടറിലും മറ്റുമായി രാജ്യ തലസ്ഥാനത്തേക്ക് എത്തിയത്. ഡല്‍ഹി അതിര്‍ത്തികളില്‍, സിംഘുവിലും തിക്രിയിലും ഗാസിപൂരിലുമായി കര്‍ഷകര്‍ തമ്പടിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലെത്തി. പഞ്ചാബ്, ഹരിയാന, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഏറെയും.
സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളും പലപ്പോഴും സമരത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. അതിര്‍ത്തികളില്‍ ബിജെപി അനുകൂല സംഘടനകളില്‍നിന്നും ആക്രമണങ്ങളുണ്ടായി. ബികെയു നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്ത് ഗാസിപൂര്‍ സമരം ദുര്‍ബലമാക്കാന്‍ ശ്രമിച്ചെങ്കിലും സമര വീര്യം ഇരട്ടിയാക്കി. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് സംഘര്‍ഷത്തിനും അറസ്റ്റിനും കാരണമായി. കര്‍ഷകസമരം പൊളിക്കാന്‍ അക്രമികള്‍ നുഴഞ്ഞുകയറി എന്നായിരുന്നു കര്‍ഷക നേതാക്കളുടെ ആരോപണം. അതോടെ, സമരവേദിയില്‍നിന്ന് പലര്‍ക്കും തങ്ങളുടെ നാടുകളിലേക്ക് പോകേണ്ടിവന്നു. സമരം പരാജയപ്പെടുന്നുവെന്ന പ്രചാരണങ്ങളുണ്ടായി. എന്നാല്‍, രാജ്യതലസ്ഥാനത്തോടൊപ്പം സംസ്ഥാനങ്ങളിലും കര്‍ഷക സമരം ശക്തി പ്രാപിച്ചു. സംസ്ഥാനങ്ങളില്‍ ട്രാക്ടര്‍ റാലികളും മഹാ പഞ്ചായത്തുകളും ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍, കര്‍ഷക സമരത്തിനുനേര്‍ക്കുണ്ടായ കാര്‍ ആക്രമണം ഉള്‍പ്പെടെ സംഭവങ്ങള്‍ക്കും കര്‍ഷക സമരത്തെ തളര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ബിജെപിക്കും അവരുടെ സര്‍ക്കാരുകള്‍ക്കും അത് പലതരത്തില്‍ ദോഷം ചെയ്തു
ഇതിനിടെ, സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ പലതവണ ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയൊഴികെ മന്ത്രിസഭയിലെ പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വിളകള്‍ക്ക് താങ്ങുവില ഉള്‍പ്പെടെ നല്‍കുന്ന കാര്യത്തില്‍ ഉത്തരവ് കൊണ്ടുവരാമെന്ന കേന്ദ്ര മന്ത്രിമാരുടെ നിര്‍ദേശം കര്‍ഷക പ്രതിനിധികളും തള്ളി. രണ്ട് വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കാമെന്നും പ്രശ്‌നങ്ങള്‍ ഉള്ള പക്ഷം അവ പിന്‍വലിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞുനോക്കി. എന്നാല്‍, ഒരു ദിവസത്തേക്കുപോലും നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കര്‍ഷകരുടെ നിലപാട്. കര്‍ഷകരെ ഇളക്കിവിടുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണെന്നും അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബിജെപി നേതാക്കളും പലകുറി ആരോപിച്ചു. തീവ്രവാദ ബന്ധം പോലും ആരോപിക്കപ്പെട്ടു. നിയമങ്ങള്‍ ഒരുകാരണവശാലും പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി റേഡിയോ പ്രഭാഷണങ്ങളും നടത്തി.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വിഷയം സുപ്രീംകോടതിയിലെത്തി. മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പാക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതിയെയും രൂപീകരിച്ചു. എന്നാല്‍, കാര്‍ഷിക നിയമങ്ങളെ അംഗീകരിക്കുന്നവര്‍ ഉള്‍പ്പെടുന്ന സമിതിയെ അംഗീകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിനാല്‍ സമിതി രൂപീകരണംകൊണ്ട് ഫലമുണ്ടാകില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടതാണെന്ന ബോധ്യമുണ്ടെന്നും വിദഗ്ധ സമിതി മുമ്പാകെ ഹാജരാകില്ല. മതിയായ ചര്‍ച്ചകളോ രാജ്യസഭയില്‍ വോട്ടിങ്ങോ കൂടാതെയാണ് നിയമങ്ങള്‍ പാസാക്കിയത്. സര്‍ക്കാരില്‍ ജനാധിപത്യ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി സമരം തുടരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞെങ്കിലും തിരിച്ചുപോയവര്‍ സംസ്ഥാനങ്ങളില്‍ കൊളുത്തിയ സമരാവേശത്തെ കെടുത്താന്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞില്ല. ഇതിനിടെ പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി നേരിടുകയും ചെയ്തു. അടുത്തവര്‍ഷം ഏഴ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ഷക സമരം തുടരുന്നത് ആപത്താണെന്ന് വിലയിരുത്തലുകളുണ്ടായി. ആര്‍എസ്എസും ബിജെപിയുടെ കാര്‍ഷിക സംഘടനകളും നേതാക്കളുമൊക്കെ പ്രശ്‌ന പരിഹാരത്തിനായി ശബ്ദമുയര്‍ത്തി. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാതെ, പല സംസ്ഥാനങ്ങളിലും പ്രചാരണത്തിനുപോലും ഇറങ്ങാനാകില്ലെന്ന സ്ഥിതിയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
അതിനിടെയാണ്, യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കുനേരെ ബിജെപി നേതാക്കള്‍ നടത്തിയ കാര്‍ ആക്രമണം. സംഭവം സംസ്ഥാന സര്‍ക്കാരിനും ബിജെപിക്കും ഉണ്ടാക്കിയ കേട് ചെറുതല്ലായിരുന്നു. യുപി സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടികള്‍ക്ക് കോടതിയില്‍ നിന്നുപോലും വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അമിത് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസിന് നടപടിയെടുക്കേണ്ടിവന്നു. അമിത് മിശ്രക്കെതിരെ സിഖ് സമുദായത്തോടൊപ്പം ജാട്ട് സമുദായവും രംഗത്തെത്തി. എന്നാല്‍, ഖലിസ്ഥാന്‍ വാദികളാണ് സമരത്തിന്റെ പിന്നിലെന്നായിരുന്നു ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോപണം. ഇതോടെ, കര്‍ഷകരുടെ കൂട്ടക്കൊലയില്‍ സംസ്ഥാനമെങ്ങും പ്രതിഷേധം ശക്തി പ്രാപിച്ചു. യുപിയില്‍ ബിജെപിയെ പിന്തുണക്കുന്ന ജാട്ട് സമുദായത്തെ പിണക്കുന്നതിന്റെ ദോഷം മനസിലാക്കിയ യോഗി സര്‍ക്കാര്‍, ഏറെ വിമര്‍ശനങ്ങള്‍ കേട്ടതിനുശേഷമാണെങ്കിലും പരിഹാരവുമായി രംഗത്തെത്തി. എന്നാല്‍, ലഖിപൂര്‍ ഖേരി സംഭവം അഖിലേഷ് യാദവിനും പ്രിയങ്ക ഗാന്ധിക്കും കൂടുതല്‍ മൈലേജ് നല്‍കിയെന്ന വിലയിരുത്തലുകളുണ്ടായി. സ്ഥിതി ഇത്തരത്തില്‍ തുടര്‍ന്നാല്‍ 100 സീറ്റുകളെങ്കിലും ബിജെപിക്ക് കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെയാണ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ പഞ്ചാബില്‍ സഖ്യമാകാമെന്ന് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പ്രഖ്യാപനം ഉള്‍പ്പെടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഏറെയുണ്ടെങ്കിലും, ആത്യന്തികമായി ഇത് കര്‍ഷകരുടെ വിജയമാണ്. തങ്ങളുടെ തീരുമാനത്തില്‍നിന്ന് പിന്നോക്കം പോകാന്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും നിര്‍ബന്ധിതരാക്കിയത്, ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക സമരത്തിന്റെ വിജയമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker