കൊച്ചി/ ദുബായ്: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ അഭിഭാഷകന് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് നേരത്തെ കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയില്‍ എത്തിച്ചേരും. വിമാനത്താവളത്തില്‍ എത്തിയാല്‍ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യാത്ര വിജയ് ബാബു മാറ്റുകയായിരുന്നു.
നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് കരുതിയിരുന്നത്. അതിന് ടിക്കറ്റുമെടുത്തിരുന്നു. ഇത് കോടതിയില്‍ അഭിഭാഷകന് ഹാജരാക്കുകയും ചെയ്തതാണ്. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് കിട്ടാത്തതിനാല്‍ വിജയ് ബാബു യാത്ര മാറ്റുകയായിരുന്നു. ഇതിനിടെ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് സാമ്പത്തിക സഹായം എത്തിച്ചു നല്കിയ യുവ നടിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.