ENTERTAINMENTMALAYALAM

വിടപറഞ്ഞത് ഹിറ്റുകളുടെ തമ്പുരാന്‍

ഡെന്നീസ് ജോസഫ് എന്ന പേരിന്റെ ഉടമയ്ക്ക് മലയാള സിനിമയില്‍ ചേര്‍ത്തുവയ്ക്കാന്‍ ഒരു വിശേഷണം മാത്രമേയുള്ളു… അത് ഹിറ്റുകളുടെ തമ്പുരാന്‍ എന്നാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും താരപരിവേഷം തന്റെ പേനയില്‍ വിരിഞ്ഞ കഥാപാത്രങ്ങളിലൂടെ ഉയര്‍ത്തുകയായിരുന്നെങ്കില്‍ സുരേഷ്‌ഗോപിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കൈപിടിച്ച് ആനയിച്ചത് ഡെന്നീസ് ജോസഫാണ്. തൊട്ടതെല്ലാം പൊന്നാക്കിയെന്ന പഴഞ്ചൊല്ല് ഒരോ ചിത്രവും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോഴും അദ്ദേഹം ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരുന്നു. മെഗാഹിറ്റുകള്‍ക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20 ന് എം.എന്‍.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നീസ് ജോസഫ് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍നിന്നു ബിരുദ പഠനവും പൂര്‍ത്തിയാക്കി. ഫാര്‍മസിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ജേസിയുടെ ഈറന്‍ സന്ധ്യ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985 ലാണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തില്‍ ഡെന്നിസ് വിജയപരമ്പര തന്നെ സൃഷ്ടിച്ചു.
മോഹന്‍ ലാലിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍, മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നും മലയാളത്തിലെ കൊമേഴ്‌സ്യല്‍ സിനിമയുടെ ചരിത്രത്തിലെതന്നെ എണ്ണം പറഞ്ഞ ഹിറ്റുമായ ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പന്‍ ഹിറ്റുകളൊരുക്കിയ ഡെന്നിസ് ജോസഫ്, മനു അങ്കിളും അഥര്‍വവും അടക്കം അഞ്ചു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ജോസ്

Related Articles

Back to top button