BREAKINGKERALA
Trending

വിദഗ്ധസംഘം പരിശോധിച്ചു, രൂപമാറ്റമുള്ള കുഞ്ഞിന് ജനിതക പരിശോധന

ആലപ്പുഴ : അസാധാരണ രൂപത്തില്‍ കുഞ്ഞുപിറന്ന സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി കുഞ്ഞിനെ ഇവര്‍ ഒന്നരമണിക്കൂറോളം പരിശോധിച്ചു.
ജനിതക വൈകല്യമാണോ അസാധാരണ രൂപത്തിനു കാരണമെന്നു കണ്ടെത്താന്‍ ജനിതകപരിശോധന നടത്താനും തീരുമാനമായി. അമ്മയുടെയും കുഞ്ഞിന്റെയും രക്തസാംപിള്‍ തിരുവനന്തപുരത്തേക്ക് അയച്ചാകും പരിശോധന. കുഞ്ഞിന് ആവശ്യമായ തുടര്‍ചികിത്സയും വേഗത്തിലാക്കും.
ഗര്‍ഭകാലത്തു ചികിത്സിച്ച കടപ്പുറം വനിത-ശിശു ആശുപത്രിയിലെയും സ്‌കാനിങ് നടത്തിയ ശങ്കേഴ്‌സ്, മിഡാസ് എന്നീ സ്വകാര്യ ലാബുകളിലെയും ഡോക്ടര്‍മാരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. സ്‌കാനിങ് സംവിധാനങ്ങളും വിലയിരുത്തി. കടപ്പുറം ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്തി, ഡോ. ഷേര്‍ലി, ഡോ. പുഷ്പ, വിവിധ സമയങ്ങളില്‍ ഗര്‍ഭകാല ചികിത്സ നടത്തിയ മറ്റു മൂന്നു ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്നാണ് മൊഴിയെടുത്തത്. ചിലരോട് കാര്യങ്ങള്‍ എഴുതിയും വാങ്ങി. മാതാപിതാക്കളുടെ മൊഴിയും സംഘം രേഖപ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗം ചേര്‍ന്നശേഷം സംഘം മടങ്ങി. മൂന്നിനോ നാലിനോ ആരോഗ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കും. വിദഗ്ധസംഘം കുഞ്ഞിനെ പരിശോധിച്ചതില്‍ തൃപ്തിയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.കടപ്പുറം ആശുപത്രിയിലെയും സ്‌കാനിങ് കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാരുടെ പിഴവാണ് അസാധാരണ രൂപത്തിനു കാരണമെന്നാരോപിച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായതും ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതും.
: സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഒരേ ഡോക്ടറുടെ രണ്ട് ഒപ്പുവന്നതിനെക്കുറിച്ചും ആരോഗ്യവകുപ്പ് അന്വേഷിക്കും. മിഡാസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഒരേ ഡോക്ടര്‍ രണ്ടു തരത്തില്‍ ഒപ്പിട്ടതായി കണ്ടെത്തിയത്. കുഞ്ഞിന്റെ പിതാവ് ഇതുസംബന്ധിച്ച് പരാതി നല്‍കും. റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായുള്ള സംശയത്തെത്തുടര്‍ന്നാണിത്.

Related Articles

Back to top button