BREAKINGKERALA
Trending

വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്‌സ് ലക്ഷണങ്ങള്‍; പരിശോധനാഫലം ഇന്ന്

മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള എടവണ്ണ ഒതായി സ്വദേശിയുടെ പരിശോധനാഫലം ഇന്ന് വരും. കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലാണ് സ്രവ സാംപിള്‍ പരിശോധന നടത്തുന്നത്. രോഗം സ്ഥിരീകരിച്ചാല്‍, രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ക്വാറന്റീന്‍ വേണ്ടിവരും. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടക്കേണ്ടിയും വരും.
കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ 38കാരനായ യുവാവ് തിങ്കളാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എം പോക്‌സ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. നാട്ടിലെത്തിയ ശേഷം വലിയ തോതിലുള്ള സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുള്ളത്.
അതിനിടെ മലപ്പുറത്ത് നിപ സ്ഥിരീകരിച്ച തിരുവാലിയില്‍ ആരോഗ്യ വകുപ്പിന്റെ സര്‍വേ തുടരും. വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനാണ് ശ്രമം. മലപ്പുറം ജില്ലയില്‍, പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയിന്‍മെന്റ് സോണുകളായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ദില്ലിയിലുള്ള ആരോഗ്യ മന്ത്രി ഇന്ന് ഉച്ചയോടെ മലപ്പുറത്തെത്തിയേക്കും. ഇന്നലെ വൈകിട്ട് 3 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി വന്നതോടെ 16 പേരുടെ പേരുടെ നിപ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. ആകെ 255 പേരാണ് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിയിലുള്ളത്.

Related Articles

Back to top button