BREAKINGNATIONAL

വിദ്യാര്‍ഥിനികള്‍ക്കു നേരെ കൂട്ട ലൈംഗികാതിക്രമം; വാല്‍പ്പാറ സര്‍ക്കാര്‍ കോളജിലെ 4 ജീവനക്കാര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ 6 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രതികളെ വാല്‍പ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊമേഴ്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍മാരായ എസ്. സതീഷ്‌കുമാര്‍ (39), എം. മുരളിരാജ് (33), ലാബ് ടെക്നീഷ്യന്‍ അന്‍ബരസു (37), നൈപുണ്യ കോഴ്സ് പരിശീലകന്‍ എന്‍. രാജപാണ്ടി (35) എന്നിവരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ ആര്‍. അംബികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വാട്സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ക്ലാസിലും ലാബിലും വച്ച് തങ്ങളെ ശല്യപ്പെടുത്തിയെന്നും മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നും പെണ്‍കുട്ടികള്‍ സംസ്ഥാന വനിതാ കമ്മിഷനില്‍ നിവേദനം നല്‍കിയിരുന്നു. പിന്നാലെ ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍ ആര്‍. അംബികയും കോളജിയേറ്റ് എജ്യൂക്കേഷന്‍ റീജനല്‍ ജോ. ഡയറക്ടര്‍ വി. കലൈസെല്‍വിയും വെള്ളിയാഴ്ച കോളജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. പിന്നാലെ ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം കോളജില്‍ അന്വേഷണത്തിനെത്തിയ സംഘത്തോട് വിവരിച്ചിരുന്നു.
നാലു പേര്‍ക്കെതിരെയും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 75 (1) (ലൈംഗിക പീഡനം), തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 (സ്ത്രീകളെ ഉപദ്രവിക്കുന്നതിനുള്ള പിഴ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ എം.മെനേഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button