BREAKING NEWSWORLD

‘വിഭജനം ഉണ്ടാക്കുന്ന തരത്തില്‍ മതനേതാക്കള്‍ സംസാരിക്കരുത്’: ഫ്രാന്‍സിസ് മാര്‍പാപ്പ

ബുഡാപെസ്റ്റ്: മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിഭജനമോ വിഭാഗീയതയോ വളര്‍ത്തുന്ന തരത്തില്‍ മതനേതാക്കള്‍ പെരുമാറരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നതെന്നും ഹംഗറിയിലെ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുന്നതിനിടെ മാര്‍പാപ്പ വ്യക്തമാക്കി.
മതനേതാക്കള്‍ സമാധാനവും ഐക്യവുമാണ് എന്നും പുലര്‍ത്തേണ്ടത്. അപരന്റെ പേരിലായിരിക്കരുത് നാം സംഘടിക്കേണ്ടത്, അത് ദൈവത്തിന്റെ പേരിലായിരിക്കണം. നിരവധി സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് നമ്മള്‍ സമാധാനത്തിന്റെ പക്ഷത്തായിരിക്കണം നിലക്കൊള്ളേണ്ടത്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആകുകയും വേണമെന്നും മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാന്‍ ബുഡാപെസ്റ്റിലെ ഹീറോസ് സ്‌ക്വയറില്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിയത്. സമീപത്തെ കെട്ടിടങ്ങളിലും ബാല്‍ക്കണികളിലും ആളുകള്‍ നിരന്ന അവസ്ഥയായിരുന്നു. സ്ലോവാക്യയിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി ഞായറാഴ്ച ഏഴ് മണിക്കൂര്‍ നേരമാണ് മാര്‍പാപ്പ ഹംഗറിയില്‍ ചെലവഴിച്ചത്. ഹംഗറിയിലെ ഒരു ലക്ഷത്തോളം വരുന്ന ജൂതസമൂഹം മധ്യയൂറോപ്പിലെ ഏറ്റവും വലിയ സമൂഹമാണ്. 1996ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഹംഗറി സന്ദര്‍ശിച്ചിരുന്നു.
ക്രിസ്ത്യന്‍ യുവതി യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ചര്‍ച്ചയാകുകയും മറ്റ് ബിഷപ്പുമാര്‍ വിഷയം ഏറ്റെടുക്കുകയും തുടര്‍ച്ചയായി അനുകൂല പരാമര്‍ശം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മാര്‍പാപ്പയുടെ പ്രതികരണം ഉണ്ടായിരിക്കുന്നതെന്നാണ് ശ്രദ്ധേയം.
മാര്‍പാപ്പയെ കാണാന്‍ ഹീറോസ് സ്‌ക്വയറില്‍ 75,000 ആളുകള്‍ എത്തുമെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 30,000 മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും വിതരണം ചെയ്യാന്‍ ഹംഗേറിയന്‍ സര്‍ക്കാര്‍ നിദേശം നല്‍കിയിരുന്നു.
84 വയസുകാരനായ മാര്‍പ്പാപ്പയുടെ 34മത് വിദേശ യാത്രയാണിത്. വന്‍കുടല്‍ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വിദേശ യാത്രകള്‍ ആരംഭിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ് റോമില്‍ നിന്നും മാര്‍പാപ്പ യാത്ര ആരംഭിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും റിപ്പോര്‍ട്ടര്‍മാരെയും അഭിവാദ്യം ചെയ്ത് മാര്‍പാപ്പ സംസാരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ യാത്ര.
കഴിഞ്ഞ ജൂലൈയിലാണ് മാര്‍പാപ ശസ്ത്രക്രിയ്ക്ക് വിധേയനായത്. കുടലിന്റെ 33 സെന്റിമീറ്റര്‍ ഭാഗം മുറിച്ചു മാറ്റിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടല്‍ ചുരുങ്ങുന്നതു മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ഗെമല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശേധയ്ക്ക് ശേഷം ശസ്ത്രക്രിയ്ക്ക് വിധേയനാക്കുകയായിരുന്നു. 10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രയ്ക്ക് നേതൃത്വം നല്‍കിയത്.
നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മാര്‍പാപ്പ വ്യക്തമാക്കുകയും ചെയ്തു. ഈ മാസം 12 മുതല്‍ 15വരെ ഹംഗറി, സ്ലോവാക്യ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ സൈപ്രസ്, ഗ്രീസ്, മാള്‍ട്ട എന്നിവടങ്ങളും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker