BREAKINGKERALA

വിമര്‍ശനത്തോട് അസഹിഷ്ണുത കാണിക്കില്ല; കാരാട്ട് റസാഖിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി റിയാസ്

കോഴിക്കോട്: സി.പി.എം. സഹയാത്രികനും കൊടുവള്ളി മുന്‍ എം.എല്‍.എയുമായ കാരാട്ട് റസാഖ് തനിക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഒരു ജനാധിപത്യരാജ്യത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാമെന്നും മന്ത്രിസ്ഥാനത്തിരിക്കുന്ന ആളുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കപ്പെടുമെന്നും റിയാസ് പറഞ്ഞു. അതിനെ അസഹിഷ്ണുതയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലിം ലീഗുമായും ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നുവെന്നാണ് റസാഖ് കഴിഞ്ഞദിവസം ആരോപിച്ചത്. പരാതികള്‍ പാര്‍ട്ടിയില്‍ നല്‍കിയിട്ടുണ്ട്, പരിഗണിക്കുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും റസാഖ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
റസാഖ് പറയുന്ന വിഷയം പൊതുമരാമത്ത് വകുപ്പിന്റെ മാത്രം പദ്ധതിയല്ല കിഫ്ബി ഫണ്ടാണെന്നും പലരുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ എന്താണോ ചെയ്യാന്‍ കഴിയുക അതാണ് ചെയ്യുക എന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
കൊടുവള്ളി നിയോജക മണ്ഡലത്തില്‍ 2016-ലെ എല്‍.ഡി.എഫ്. സര്‍ക്കാരും 2020-ലെ എല്‍.ഡി.എഫ്. സര്‍ക്കാരും ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 2016-ല്‍ ഭരണകക്ഷി എം.എല്‍.എ. ആയിരുന്നു. 2021-ല്‍ പ്രതിപക്ഷ എം.എല്‍.എ.യും. ഭരണകക്ഷി എം.എല്‍.എ. ആയിക്കൊള്ളട്ടെ, പ്രതിപക്ഷ എം.എല്‍.എ. ആയിക്കൊള്ളട്ടെ വികസനപ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫിന് ഒരു കാഴ്ചപ്പാടേ ഉള്ളൂ. അത് അര്‍ഹതപ്പെട്ടത് നല്‍കുക എന്നതാണ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും അതാണ് ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതും- റിയാസ് വ്യക്തമാക്കി.
താന്‍ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന പല വലിയ പദ്ധതികളും മുഹമ്മദ് റിയാസും ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും മുസ്ലിം ലീഗുമായി ചേര്‍ന്ന് അട്ടിമറിച്ചിരിക്കുകയാണ്. താന്‍ കൊണ്ടുവന്ന പദ്ധതികള്‍ നടപ്പാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം ലീഗ്. അതിന് സഹായിക്കുന്നത് സി.പി.എം. കൊടുവള്ളി ലോക്കല്‍ സെക്രട്ടറിയും താമരശ്ശേരി ഏരിയ സെക്രട്ടറുമാണ്. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി പദ്ധതികളെ പൂര്‍ണമായും അട്ടിമറിക്കുന്നത് മുഹമ്മദ് റിയാസാണെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തിയിരുന്നു.
അദ്ദേഹം (കാരാട്ട് റസാഖ്) പറയട്ടെ, ഒരു ജനാധിപത്യസംവിധാനത്തില്‍ അദ്ദേഹത്തിന് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നാണ് റിയാസ് പ്രതികരിച്ചത്.

Related Articles

Back to top button