BREAKING NEWSKERALA

വിമര്‍ശനം മന്ത്രി റിയാസിനു ക്ഷീണമുണ്ടാക്കി, വിവാദം ഒതുക്കിത്തീര്‍ത്ത് സിപിഎം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രസ്താവനയും അതിനോടു കലഹിച്ച് പാര്‍ട്ടി എം.എല്‍.എ.മാര്‍ തന്നെ രംഗത്തുവന്നതും വിവാദമില്ലാതെ തീര്‍ക്കാന്‍ സി.പി.എം.
മന്ത്രിയും എം.എല്‍.എ.മാരും രണ്ടുതട്ടിലാണെന്ന പ്രതീതി ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ വേണമെന്ന നിര്‍ദേശമാണ് നേതാക്കള്‍ നല്‍കിയത്. റിയാസിന്റെ വിശദീകരണത്തോടെ വിവാദങ്ങള്‍ തീര്‍ക്കാനുള്ള ശ്രമമാണ് പാര്‍ട്ടിയുടേത്.
കരാറുകാരുടെ വക്കാലത്തുമായി എം.എല്‍.എ.മാര്‍ മന്ത്രിയെ കാണാനെത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് റിയാസ് ഒക്ടോബര്‍ ഏഴിന് നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ് പാര്‍ട്ടിയിലെത്തന്നെ എം.എല്‍.എ.മാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന്, 12നു നടന്ന സി.പി.എം. നിയസഭാകക്ഷി യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായ എ.എന്‍. ഷംസീര്‍ ഇതിനെതിരേ രംഗത്തുവന്നു. എതിര്‍പ്പ് കടുപ്പിച്ചില്ലെങ്കിലും മറ്റുചില എം.എല്‍.എ.മാരും ഇതിനോടു യോജിച്ചതായാണു വിവരം. എം.എല്‍.എ.മാരെ കള്ളത്തരത്തിന്റെ ഇടനിലക്കാരായി ചിത്രീകരിക്കുന്ന രീതിയിലായി മന്ത്രിയുടെ പരാമര്‍ശം എന്നതാണ് എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ നിലപാട്.
അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കാനാണ് മന്ത്രി അങ്ങനെ പറഞ്ഞതെന്ന് നിയമസഭാകക്ഷി സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അപ്പോള്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനമുണ്ടായപ്പോള്‍ മന്ത്രി ഖേദപ്രകടനം നടത്തിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചതോടെ അത് റിയാസിനും ക്ഷീണമായി. ഈ ഘട്ടത്തിലാണ് പാര്‍ട്ടിക്കുള്ളിലും ഭരണപക്ഷത്തും തര്‍ക്കങ്ങളുണ്ടെന്ന പ്രതീതി ഇല്ലാതാക്കണമെന്ന നിര്‍ദേശം നേതാക്കള്‍ നല്‍കിയത്. മന്ത്രിതന്നെ അതിന് വിശദീകരണവും വ്യക്തതയും നല്‍കാന്‍ രംഗത്തെത്തിയതും അതുകൊണ്ടാണ്.
കരാറുകാരെക്കൂട്ടി എം.എല്‍.എ.മാര്‍ മന്ത്രിയെക്കാണാന്‍ വരേണ്ടെന്ന പ്രസ്താവനയില്‍ പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയത് പാര്‍ട്ടിയുടെ പൊതുനിലപാടാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.
പൊതുവേ ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സി.പി.എം. നല്‍കാറുണ്ട്. അതിനനുസൃതമായ കാര്യമാണ് മന്ത്രി വ്യക്തമാക്കിയത്. സര്‍ക്കാരും മന്ത്രിമാരും പൊതുവേ നല്ലനിലയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാര്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനു മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമുണ്ടാവുക സ്വാഭാവികമാണെന്ന്, സി.പി.എം നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രിക്കെതിരേ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker