BREAKING NEWSKERALA

വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജന് തിരിച്ചടി, കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനു തിരിച്ചടി. സംഭവത്തില്‍ ജയരാജനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശം.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ലെനി തോമസാണ് ഇതുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയത്.
ഇ.പി.ജയരാജന്‍, മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജന്‍ മര്‍ദിച്ചതായി ഹര്‍ജിയില്‍ പറയുന്നു. പൊലീസിനു പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം വലിയതുറ പൊലീസിനോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജന്‍ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തില്‍ വധശ്രമ കേസ് ചുമത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടു. പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker