കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികക്ക് നീലച്ചിത്രം കാണിച്ചുകൊടുത്തെന്നാരോപിച്ച് ഒമാൻ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയുടെ സിഇഒ ദിനേശ് കുമാർ സരോഗിക്കെതിരെ കേസെടുത്തു. ലൈംഗികമായി അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് കേസ്. ഭാരതീയ ന്യായ സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒമാൻ ആസ്ഥാനമായുള്ള വൾക്കൻ ഗ്രീൻ സ്റ്റീലിൻ്റെ സിഇഒയാണ് 65കാരനായ സരോഗി. കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് സരോഗി തന്നോട് കുശല സംഭാഷണം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു.തന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാൾ തനിക്ക് ചില സിനിമാ ക്ലിപ്പുകൾ കാണിക്കാൻ തുടങ്ങി. പിന്നീട് അയാൾ തന്റെ ശരീരത്തിൽ സ്പർശിച്ചു. ഞാൻ ഞെട്ടലിലും ഭയത്തിലും സ്തംഭിച്ചുപോയി. ഒടുവിൽ വാഷ്റൂമിലേക്ക് ഓടി എയർ സ്റ്റാഫിനോട് പരാതിപ്പെട്ടുവെന്നും യുവതി എക്സിലെ പോസ്റ്റിൽ വിവരിച്ചു. കുറ്റാരോപിതനെതിരെ നടപടിയെടുക്കുമെന്ന് ഇത്തിഹാദ് എയർവേസ് ജീവനക്കാർ അറിയിച്ചു. വളരെ സമചിത്തതോടെയാണ് പ്രതികരിച്ചതെന്നും അവർ പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്തയിലെ ബിധാൻനഗർ സിറ്റി പൊലീസ് സരോഗിക്കെതിരെ സെക്ഷൻ 74 (അക്രമണമോ ക്രിമിനൽ ബലപ്രയോഗമോ), 75 (ലൈംഗിക പീഡനം), 79 (അശ്ലീല പദപ്രയോഗം) എന്നിവ പ്രകാരം കേസെടുത്തു.
91 Less than a minute