BREAKINGNATIONAL

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റുന്നില്ല, ഒരു കോളിലൂടെ യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

ബെംഗളൂരു: ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ സൈബര്‍ തട്ടിപ്പിലൂടെ 43 കാരന് മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു. യുവാവിന്റെ രണ്ട് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നാണ് ഈ തുക തട്ടിയെടുത്തത്. കര്‍ണാടകയിലെ ഹൊസൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. വിദേശത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. തിരികെ ജോലി സ്ഥലത്തേക്ക് പോകാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെയാണ് പണം നഷ്ടമായത്.
വെബ്സൈറ്റില്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കസ്റ്റമര്‍ സര്‍വീസ് നമ്പര്‍ തിരഞ്ഞു. ഇന്റര്‍നെറ്റില്‍ കണ്ടെത്തിയ ഒരു നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍, ഒരാള്‍ ഫോണെടുത്തു. ഫ്‌ലൈറ്റ് ടിക്കറ്റിന്റെ പണമടയ്ക്കാന്‍ സിവിവി നമ്പറും പിന്‍ നമ്പറും സഹിതം ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റുകള്‍ക്കുശേഷം ബാങ്ക് അക്കൗണ്ടില്‍ നിന്ന് 77,000 രൂപയോളം പോയി.
അതേ നമ്പറില്‍ വിളിച്ച് തന്റെ അക്കൗണ്ടില്‍ നിന്ന് പണം പോയ വിവരം അറിയിച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് തുക പോയതെന്നാണ് ഫോണെടുത്തയാള്‍ പറഞ്ഞത്. പിന്നാലെ 1.5 ലക്ഷം രൂപ കൂടി അക്കൌണ്ടില്‍ നിന്ന് നഷ്ടമായി. എന്തോ പന്തികേട് തോന്നിയ യുവാവ് ബാങ്കില്‍ വിളിച്ച് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ബ്ലോക്ക് ചെയ്തു. തട്ടിപ്പുകാര്‍ യുവാവുമായി പിന്നെയും ബന്ധപ്പെട്ടു. പണം തിരികെ അക്കൌണ്ടില്‍ വരുമെന്ന് വിശ്വസിപ്പിച്ചു. അക്കൌണ്ട് ബ്ലോക്കാണെന്ന് അറിഞ്ഞതോടെ മറ്റൊരു അക്കൌണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അതിലേക്ക് പണമിടാമെന്നും ചെയ്യാമെന്നും പറഞ്ഞു.
വിശദാംശങ്ങള്‍ നല്‍കിയതോടെ വീണ്ടും 78,817 രൂപ പോയി. ജൂലൈ 30, 31 തിയ്യതികളിലായിരുന്നു ഇത്. ആഗസ്ത് ഒന്നിന് യുവാവ് പൊലീസില്‍ പരാതി നല്‍കി. തന്റെ അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് കൂടുതല്‍ പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് കോളുകള്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുകാരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button