കണ്ണൂര്‍: വിയ്യൂര്‍ ജയിലില്‍ ജയിലറെ മര്‍ദ്ദിച്ച കേസില്‍ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ കുട്ടിയുടെ പേരിടല്‍ ചടങ്ങിനിടെയാണ് കസ്റ്റഡിയില്‍ എടുത്തത്. വിയ്യൂര്‍ ജയിലില്‍ ജയിലറെ മര്‍ദിച്ച കേസിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ആകാശ് നാട്ടിലെത്തിയത്.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മര്‍ദ്ദിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു സംഭവം. അസി. ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൂടാതെ ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന് വിയ്യൂര്‍ പൊലീസ് അറിയിച്ചു. കാപ്പ തടവുകാരനായി ജയിലില്‍ കഴിയുന്ന സമയത്താണ് ജയിലറെ ആക്രമിച്ചത്.
സെല്ലിന് മുന്നില്‍ അകത്തെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നത് ചോദ്യം ചെയ്തതും ഫോണ്‍ ഉപയോഗിക്കുന്നുവെന്ന സംശയം പ്രകടിപ്പിച്ചതിലുമുണ്ടായ വിരോധമാണ് ജയില്‍ ഓഫീസ് മുറിയില്‍ സൂപ്രണ്ടിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ആകാശിന്റെ സെല്ലില്‍ പരിശോധനയ്‌ക്കെത്തിയ ജയില്‍ ഉദ്യോഗസ്ഥനായ രാഹുല്‍ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തു.
ഫോണ്‍ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലര്‍ക്ക് മുന്നില്‍ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തത്.