കോഴിക്കോട്: എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന ചര്‍ച്ചയായതിന് പിന്നാലെ നിലപാടില്‍ വിശദീകരണവുമായി പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത ചില എംഎല്‍എമാര്‍ വരുന്ന പ്രവണതെയാണ് സഭയില്‍ ചൂണ്ടികാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും അത് ഇടതുപക്ഷത്തിന്റെ നയമാണെന്നും റിയാസ് വ്യക്തമാക്കി.
എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയ മുഹമ്മദ് റിയാസ് നിയമഭയില്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാര്‍ക്ക് ഏതൊരു വിഷയത്തിലും മന്ത്രിയെ കാണാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ‘ആ നിലപാട് എടുക്കുന്നൊരാളാണ് ഞാന്‍. ഇടതുപക്ഷത്തിന്റെ സമീപനം അതാണ്. സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത എംഎല്‍എ വരേണ്ടതില്ല. അതല്ലാത്ത നെക്സസിന് സഹായമാകുന്ന തരത്തില്‍ അതില്‍ പെട്ടുപോകരുത്.’ മുഹമ്മദ് റിയാസ് പറഞ്ഞു.
ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും മന്ത്രി പറഞ്ഞു. ‘ഉറക്കത്തില്‍ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. താന്‍ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ്’ പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലും പരാമര്ശിച്ചിട്ടുള്ളവയാണെന്നും മന്ത്രി വ്യക്തമാക്കി. കരാറുകാരുമായി ഇടപെടുമ്പോള്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണെന്നും ഇതില്‍ ഭരണകക്ഷി എംഎല്‍എമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പണികള്‍ തീര്‍ക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവനെയ്ക്കെതിരെ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന വാര്‍ത്തകളും റിയാസ് തള്ളി. താന്‍ എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പറഞ്ഞിട്ടുള്ള കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറുകാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് വന്നു പറയാം. അല്ലാത്ത പ്രവണതയാണ് ചൂണ്ടികാട്ടിയതെന്നും റിയാസ് പറഞ്ഞു.