BREAKING NEWSCRICKETSPORTS

വിരമിക്കല്‍ പ്രഖ്യാപനവുമായി ശ്രീശാന്ത്

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്ജി ടീം അംഗവുമായ എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഇത്തവണ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ആദ്യ മത്സരത്തില്‍ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് കാരണം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇതോടെ താരത്തിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനത്തോടെ കാണുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ താരത്തിന് ഇനി ഇന്ത്യയ്ക്ക് പുറത്തുള്ള ലീഗുകളില്‍ കളിക്കാനാകും. നേരത്തെ മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ് ഇത്തരത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കാനഡയിലെ ട്വന്റി 20 ലീഗില്‍ കളിച്ചിരുന്നു.
ഇന്ത്യന്‍ ടീമിനൊപ്പം രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത് മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത താരമായിരുന്നു. 2005ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി 20കളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. എം.എസ് ധോനി നയിച്ച ട്വന്റി 20 ടീം 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളായപ്പോള്‍ ഫൈനലില്‍ പാകിസ്താന്‍ താരം മിസ്ബാഹ് ഉള്‍ ഹഖിന്റെ നിര്‍ണായകമായ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. തുടര്‍ന്ന് 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും കളിച്ചു. 2011ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
2013ലെ ഐപിഎല്ലിനിടെ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ശ്രീശാന്തിന്റെ കരിയര്‍ അനിശ്ചിതത്വത്തിലായത്. പിന്നാലെ ബിസിസിഐയുടെ ആജീവനാന്ത വിലക്കും വന്നു. ഒടുവില്‍ ദീര്‍ഘ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിലക്ക് ഏഴ് വര്‍ഷമായി കുറയ്ക്കാന്‍ താരത്തിനായി. പിന്നാലെ 2020ല്‍ കേരള ടീമിലൂടെ ശ്രീശാന്ത് തിരികെ കളത്തിലെത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker