BREAKING NEWSLATESTNATIONAL

വിളവെടുപ്പു കഴിഞ്ഞു, കര്‍ഷകര്‍ വീണ്ടും സമര ഭൂമിയിലേക്ക്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വിളവെടുപ്പു കഴിഞ്ഞതോടെ രാജ്യതലസ്ഥാനാതിര്‍ത്തികളിലെ കര്‍ഷകപ്രക്ഷോഭം വീണ്ടും കരുത്താര്‍ജിക്കുന്നു. സമരം 167 ദിവസം പിന്നിട്ട ബുധനാഴ്ച കൂടുതല്‍ കര്‍ഷകര്‍ ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിര്‍ത്തികളിലെത്തി. ഇതിനിടെ, പി.എം. കിസാന്‍ പദ്ധതിയനുസരിച്ച് കര്‍ഷകര്‍ക്കുള്ള സഹായധനം വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.
ഒന്നാം സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷി മംഗല്‍ പാണ്ഡെയ്ക്ക് സംയുക്ത കിസാന്‍ മോര്‍ച്ച ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു. കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ അടിസ്ഥാന ആരോഗ്യസൗകര്യംപോലും കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്നും ആരോപിച്ചു.
പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് ട്രാക്ടറുകളിലും കാറുകളിലും മറ്റുമായി വരാന്‍ തുടങ്ങിയത്. ടെന്റുകളിലും മറ്റും കഴിയാനുള്ള തയ്യാറെടുപ്പുമായിട്ടാണ് വരവ്. കൂടുതല്‍ കര്‍ഷകരെത്തുമെന്നും സമരം ഇനിയും കരുത്താര്‍ജിക്കുമെന്നും കോവിഡ് സുരക്ഷ പാലിച്ചാണ് സമര വൊളന്റിയര്‍മാര്‍ അതിര്‍ത്തികളില്‍ ഇരിക്കുന്നതെന്നും കിസാന്‍ മോര്‍ച്ച വക്താവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.
പി.എം. കിസാന്‍ പദ്ധതിയനുസരിച്ചുള്ള സഹായവിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തവണ സഹായധനം സ്വീകരിക്കാന്‍ യോഗ്യത നേടിയിട്ടുള്ള ഒമ്പതരക്കോടി കര്‍ഷകരുണ്ടെന്നാണ് കണക്കുകള്‍. ഇതിനായി 19,000 കോടി രൂപ കേന്ദ്രം വകയിരുത്തി. ഡിസംബറില്‍ കര്‍ഷകര്‍ക്കുള്ള ഗഡുവായി 18,000 കോടിരൂപ വിതരണം ചെയ്തിരുന്നു. വെള്ളിയാഴ്ച വിതരണം തുടങ്ങുന്നത് ഈ സാമ്പത്തികവര്‍ഷത്തെ ആദ്യഗഡുവാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button