BREAKING NEWSKERALA

വിവാദം കത്തുന്നതിനിടെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചു, സുരേന്ദ്രന്‍ ഡല്‍ഹിക്ക്

ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കളെ സുരേന്ദ്രന്‍ ഇന്ന് സന്ദര്‍ശിക്കും. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന.
കേരളത്തിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ന്ന കുഴല്‍പ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ ഡല്‍ഹിയിലെത്തി നേതാക്കളെ നേരിട്ട് കാണാനിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള നടപടികള്‍ക്ക് മുമ്പേ നേതൃത്വത്തിന് മുന്നില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് സുരേന്ദ്രന്റെ ലക്ഷ്യം.
കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് കേരളത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുരുതര വോട്ട് ചോര്‍ച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജനറല്‍ സെക്രട്ടറിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചര്‍ച്ചയായി.
കേന്ദ്രനേതൃത്വം തിരഞ്ഞെടുപ്പു ചെലവിനായി നല്‍കിയ ഫണ്ടിനെ ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ സംസ്ഥാന ഘടകത്തെ മാത്രം ബാധിക്കുന്ന വിഷയമായല്ല കേന്ദ്ര നേതാക്കള്‍ കാണുന്നത്. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, പണം കൈകാര്യം ചെയ്യുന്നതിലുണ്ടായ കെടുകാര്യസ്ഥത, ആരോപണങ്ങളെ നേരിട്ടതിലെ വീഴ്ച, ഗ്രൂപ്പിസം തുടങ്ങിയ ഘടകങ്ങള്‍ ഇതിലുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇത്തരം ആരോപണങ്ങള്‍ ഉയരാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker