KERALABREAKINGNEWS
Trending

വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റ,ആരോപണങ്ങൾ മാധ്യമസൃഷ്ടിയെന്ന് സുരേഷ് ഗോപി

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ​ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.

പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേസമയം, ആരോപണ നിഴലിൽ നിൽക്കുമ്പോഴും നടനും എംഎൽഎയുമായ മുകേഷിനെ കൈവിടാതെ മുന്നോട്ടുപോവുകയാണ് സിപിഎം. ലൈംഗിക ആരോപണത്തെ തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നത്. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. അതിനിടെ മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് ഇന്നലെ മഹിളാ കോണ്‍ഗ്രസിന്‍റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി.

Related Articles

Back to top button