BREAKING NEWSKERALA

വിവാദനിര്‍ദേശങ്ങള്‍ ഒഴിവാക്കി അന്തിമനയം; എല്ലായിടത്തും വൈദ്യുതിക്ക് ഒറ്റനിരക്ക്

തിരുവനന്തപുരം: വൈദ്യുതിനിരക്ക് നിര്‍ണയിക്കാനുള്ള നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തിയ വിവാദനിര്‍ദേശങ്ങള്‍ അന്തിമനയത്തില്‍നിന്ന് റെഗുലേറ്ററി കമ്മിഷന്‍ ഒഴിവാക്കി. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണിത്.
കെ.എസ്.ഇ.ബി.ക്കും മറ്റു വിതരണ ലൈസന്‍സികള്‍ക്കും വ്യത്യസ്ത വൈദ്യുതിനിരക്ക് നിശ്ചയിക്കാനും കെ.എസ്.ഇ.ബി. കേരളത്തിനു പുറത്ത് വൈദ്യുതി വില്‍ക്കുന്നത് നിയന്ത്രിക്കാനുമുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ഒഴിവാക്കിയത്. കെ.എസ്.ഇ.ബി.യെന്നോ ലൈസന്‍സിയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്താകെ ഒറ്റനിരക്ക് തുടരും.
കരട് നയത്തിലെ നിര്‍ദേശങ്ങളെ കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടനകളും എതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് വൈദ്യുതിമേഖലയെ സ്വകാര്യവത്കരിക്കാന്‍ അരങ്ങൊരുക്കുന്ന നയമാണ് ഇതെന്നായിരുന്നു ആക്ഷേപം. കരട് നയത്തെക്കുറിച്ചുള്ള തെളിവെടുപ്പിലും എതിര്‍പ്പുയര്‍ന്നതോടെ പുനഃപരിശോധിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചു.
കെ.എസ്.ഇ.ബി.ക്കു പുറമേ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, കൊച്ചിന്‍ സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍, കണ്ണന്‍ ദേവന്‍ കമ്പനി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ ലൈസന്‍സികളും കേരളത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. കെ.എസ്.ഇ.ബി.യില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് ഇവ വിതരണംചെയ്യുന്നത്.
കെ.എസ്.ഇ.ബി.യെക്കാള്‍ വിലകുറച്ച് വില്‍ക്കാന്‍ ലൈസന്‍സികള്‍ക്ക് അനുവാദം നല്‍കുന്നതായിരുന്നു കരട് നയം. ഇതിനെ വാണിജ്യവ്യവസായ മേഖല സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, സ്വകാര്യ ലൈസന്‍സികളെ പ്രോത്സാഹിപ്പിക്കാനാണിതെന്നും സര്‍ക്കാരിന്റെ രാഷ്ട്രീയതാത്പര്യത്തിനു വിരുദ്ധമാണെന്നും പ്രതിപക്ഷവും വാദിച്ചു. വൈദ്യുതി സ്വകാര്യവത്കരണത്തിനെതിരേ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനുശേഷമാണ് ഈ കരടുനയം വന്നത്.
വൈദ്യുതി മിച്ചമുള്ള സമയത്ത് കേരളത്തിനുപുറത്ത് വില്‍ക്കുകയാണിപ്പോള്‍. അതിനുപകരം ഇവിടെയുള്ള വാണിജ്യവ്യവസായ ഉപയോക്താക്കള്‍ക്ക് പവര്‍ എക്‌സ്‌ചേഞ്ചിലെ വിലയ്ക്ക് നല്‍കണമെന്ന് കരടില്‍ നിര്‍ദേശിച്ചതും വാണിജ്യവ്യവസായ മേഖലയുടെ താത്പര്യപ്രകാരമായിരുന്നു. എന്നാല്‍, ഈ രണ്ടു നയങ്ങളും വരുമാനത്തെയും സാധാരണക്കാര്‍ക്കുള്ള സബ്‌സിഡിയെയും കാര്യമായി ബാധിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
2009 മുതല്‍ 27,175 ജീവനക്കാരുടെ ശമ്പളച്ചെലവാണ് കമ്മിഷന്‍ അംഗീകരിച്ചിരുന്നത്. ജീവനക്കാരുടെ എണ്ണം 33,000 ആയതിനാല്‍ ചെലവ് ആനുപാതികമായി കൂട്ടണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കേസുകള്‍ പിന്‍വലിച്ചശേഷം പുതിയ അപേക്ഷനല്‍കിയാല്‍ ആവശ്യം പരിഗണിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker