BREAKING NEWSKERALALATEST

‘വിവാദ’ സെക്രട്ടറി പോലീസ് സുരക്ഷയില്‍ പന്തളം നഗരസഭ ഓഫീസിലെത്തി ചുമതല കൈമാറി, തടയാന്‍ ഭരണപക്ഷവും സംരക്ഷമൊരുക്കി പ്രതിപക്ഷവും

പത്തനംതിട്ട: നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ പന്തളം നഗരസഭാ സെക്രട്ടറി പോലീസ് അകമ്പടിയില്‍ ഓഫീസില്‍ എത്തി സൂപ്രണ്ടിന് ചുമതല കൈമാറി മടങ്ങി. വിവാദങ്ങള്‍ ഏറെ സൃഷ്ടിച്ച പന്തളം നഗരസഭാ സെക്രട്ടറി എസ് ജയകുമാര്‍ ആണ് സൂപ്രണ്ട് രേഖയ്ക്കു ചുമതല കൈമാറിയത്. കട്ടപ്പന നഗരസഭാ സെക്രട്ടറിയായി സ്ഥലം മാറി പോകുന്നതിനു മുന്നോടിയായാണ് സൂപ്രണ്ടിനു ചുമതല ഒഴിഞ്ഞത്.
നഗരസഭാധ്യക്ഷ, ബിജെപി കൗണ്‍സിലര്‍ ഒരു ഭാഗത്തും ഇടത് പ്രതിപക്ഷം മറു ഭാഗത്തും നിലയുറപ്പിച്ചിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെയാണ് ബഹളമയമായ അന്തരീക്ഷത്തില്‍ ചുമതല മാറ്റം നടത്തിയത്. ഓഫീസില്‍ ഇല്ലാതിരുന്ന സൂപ്രണ്ടിനെ വിളിച്ചുവരുത്തിയാണ് ചുമതലകള്‍ കൈമാറിയത് എന്നതും പ്രത്യേകതയാണ്.
നഗരസഭാ ഭരണസമിതിയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പോലീസിന്റെ അകമ്പടിയോടെയാണ് രാവിലെ 8.45 ഓടെ ജയകുമാര്‍ നഗരസഭാ കാര്യാലയത്തിലെത്തിയത്. അദ്ദേഹത്തിനു സംരക്ഷണം ഒരുക്കുന്നതിനായി ലസിതാ നായരുടെ നേതൃത്വത്തില്‍ ചില സിപിഎം കൗണ്‍സിലര്‍മാരും രാവിലെ തന്നെ നഗരസഭയില്‍ എത്തിയിരുന്നു. ഓഫീസിലെത്തി സൂപ്രണ്ടിനു ചുമതല കൈമാറാനുള്ള സെക്രട്ടറിയുടെ നീക്കത്തെ നഗരസഭാധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആദ്യം എതിര്‍ത്തു. സൂപ്രണ്ട് മെഡിക്കല്‍ ലീവിലായതിനാല്‍ നഗരസഭാ ഡയറക്ടറുടെ ഉത്തരവനുസരിച്ച് എഇയ്ക്ക് ചുമതല കൈമാറണമെന്നാണു നഗരസഭാധ്യക്ഷയും കൂട്ടരും ആവശ്യപ്പെട്ടത്.
എന്നാല്‍ ജയകുമാര്‍ ഇതിനു വഴങ്ങിയില്ല. ലസിതാ നായരുടെ നേതൃത്വത്തില്‍ സിപിഎം കൗണ്‍സിലര്‍മാരും സെക്രട്ടറിയെ അനുകൂലിച്ചു. ഇതു ചെറിയ വാക്കു തര്‍ക്കത്തിലാണു കലാശിച്ചത്. പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നഗരസഭാധ്യക്ഷയുടെ ആവശ്യം നിരാകരിച്ച സെക്രട്ടറി അവധിയിലുള്ള സൂപ്രണ്ടിനെ വിളിച്ചു വരുത്തി ചുമതല ഏല്‍പ്പിച്ചു കൊടുത്തതിനു ശേഷം കട്ടപ്പനയിലേക്കു യാത്ര തിരിച്ചു.
ശമ്പളം, വൈദ്യുതി ഉള്‍പ്പെടെയുള്ള ചെലവ്, ഇന്ധനം എന്നിവയ്ക്കു മാത്രമേ പണം ചിലവഴിക്കാവൂ എന്നുള്ള ഉത്തരവിലും ഒപ്പുവെച്ചു കൊണ്ടാണു ജയകുമാര്‍ സൂപ്രണ്ടിനു ചുമതല കൈമാറിയത്. സെക്രട്ടറിയുടെ ചുമതല ആര്‍ക്കു കൈമാറണമെന്ന തര്‍ക്കം നടക്കുന്നതിനിടെ എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ പരാമര്‍ശവും പ്രതിഷേധത്തിനിടയാക്കി. നഗരസഭാധ്യക്ഷയ്ക്ക് ഓഫീസിലെ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ നഗരസഭാധ്യക്ഷ പ്രതിഷേധിക്കുകയും ചെയ്‌തെങ്കിലും പ്രശ്‌നം കൂടുതല്‍ രൂക്ഷമായില്ല.
നഗരസഭയില്‍ മാര്‍ച്ച് 31 നു മുമ്പായി ബജറ്റ് അവതരിപ്പിക്കാതിരുന്നതിനാല്‍ ഭരണസമിതി നിയമവിരുദ്ധമാണെന്നും അതിനാല്‍ നഗരസഭാ ഭരണസമിതി പിരിച്ചു വിടണമെന്നും കഴിഞ്ഞ മാസം 9 നു സെക്രട്ടറി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം തന്നെ പന്തളം നഗരസഭയില്‍ നിന്നു സ്ഥലം മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം തന്നെ സെക്രട്ടറിയെ മാറ്റണമെന്നു ഭരണപക്ഷവും സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു.
പുറമ്പോക്കില്‍ അപകടകരമായി നില്‍ക്കുന്ന മരം വെട്ടിക്കളയണമെന്ന ഒരു നാട്ടുകാരന്റെ ആവശ്യം നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയതിന് ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ക്ക് സെക്രട്ടറി 9,100 രൂപ പിഴയിട്ടിരുന്നു. സര്‍ക്കാര്‍ ആരംഭിച്ച കൊവിഡ് ആശുപത്രി അടച്ചുപൂട്ടാനും സെക്രട്ടറി ഉത്തരവിട്ടിരുന്നു. സെക്രട്ടറിയുടെ ഇത്തരം വിവാദമായ പല നടപടികളും നഗരസഭയില്‍ ഏറെ പ്രശ്‌നങ്ങളാണു സൃഷ്ടിച്ചത്. സെക്രട്ടറിയെ ഇവിടെ നിന്നും സ്ഥലം മാറ്റിയെങ്കിലും പന്തളത്തേക്കു പുതിയ സെക്രട്ടറിയെ നിയമിച്ചിട്ടില്ല. നഗരസഭാ ഭരണസമിതി പിരിച്ചുവിടണമെന്ന സെക്രട്ടറിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനവുമെടുത്തിട്ടില്ല. ഇതു കാരണം നഗരസഭയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനും പരിഹാരമായിട്ടില്ല. ഇതെല്ലം വീണ്ടും നഗരസഭ ഭരണത്തെ ബാധിച്ചേക്കാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker